എല്ലാം മറന്ന് അവരെത്തി; മുത്തിയമ്മയ്ക്കരികിലേക്ക്
1451131
Friday, September 6, 2024 7:14 AM IST
കുറവിലങ്ങാട്: പ്രായവും രോഗവുമൊക്കെ സമ്മാനിച്ച കുറവുകളെല്ലാം മറന്നും മാറ്റിവച്ചും അമ്മയ്ക്കരികിലെത്തിയവർ മടങ്ങിയത് ഇരട്ടി ആവേശത്തോടും സന്തോഷത്തോടും. ഇടവകദേവാലയത്തിലെ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടന്ന സൗഖ്യദിനാചരണത്തിലാണ് മുതിർന്ന തലമുറ മുത്തിയമ്മയ്ക്കരുകിലേക്ക് എത്തിയത്.
രോഗികളും വയോജനങ്ങളും പങ്കെടുക്കുന്ന സംഗമദിനത്തെ സൗഖ്യദിനമായാണ് ആചരിച്ചത്. മൂന്നൂറോളം പേർ സംഗമത്തിലേക്ക് എത്തി ഓർമകളും സന്തോഷവും വിഷമവുമൊക്കെ പങ്കിട്ടു മടങ്ങി.
പ്രായവും രോഗവും മൂലം സ്ഥിരമായി തിരുക്കർമങ്ങൾക്കായി ദേവാലയത്തിൽ എത്താൻ കഴിയാതിരുന്ന മുതിർന്ന തലമുറയെ മക്കളും പേരക്കുട്ടികളും കൂടുംബകൂട്ടായ്മാ ഭാരവാഹികളുമൊക്കെ ചേർന്നാണ് പള്ളിയിലെത്തിച്ചത്.
സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശുദ്ധ കുർബാനയർപ്പിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ സന്ദേശം നൽകി. അസി. വികാരിമാരായ ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ എന്നിവരുടെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനയും നടത്തി.
എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർക്കും നേർച്ചക്കഞ്ഞിയും നൽകി. മധുരപലഹാരങ്ങളും വിതരണം ചെയ്തു. മുതിർന്നവരുടെ സംഗമത്തിനെത്തിയവരിലെ റിട്ട. അധ്യാപകർക്ക് സംഗമം വേറിട്ട അധ്യാപകദിനാചരണമായും മാറി.