അപകട മേഖലയിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് ദേശീയപാതാ വിഭാഗം
1451141
Friday, September 6, 2024 10:09 PM IST
മുണ്ടക്കയം ഈസ്റ്റ്: അപകട മേഖലയിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് ദേശീയപാതാ വിഭാഗം. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുപ്പത്തഞ്ചാംമൈൽ മുതൽ പെരുവന്താനം വരെയുള്ള ഭാഗങ്ങളിൽ സുരക്ഷാ സംവിധാനങ്ങളുടെ അഭാവംമൂലം അപകടങ്ങൾ പതിവായിരുന്നു.
മെഡിക്കൽ ട്രസ്റ്റ് ജംഗ്ഷനും മരുതുംമൂടിനുമിടയിൽ സിഗ്നൽ ബോർഡുകളുടെയും ക്രാഷ് ബാരിയറുകളുടെയും അഭാവം അപകടങ്ങൾക്ക് വഴിവച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്. ഇത് കഴിഞ്ഞദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
അപകടങ്ങൾ പതിവായ ഈ മേഖലയിൽ ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രാഷ് ബാരിയറുകൾ നിർമിച്ചു തുടങ്ങി. മുണ്ടക്കയം വലിയപാലം മുതൽ മുപ്പത്തിനാലാംമൈൽ വരെയുള്ള ദേശീയപാതയുടെ വശങ്ങളിലും ക്രാഷ് ബാരിയറുകൾ നിർമിക്കുന്നുണ്ട്.
നിരപ്പായ ഈ റോഡിൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് നെടുംതോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുന്നതോടെ മേഖലയിലെ അപകടങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്ന് പ്രതീക്ഷയാണുള്ളത്.