കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പാമ്പൂരാംപാറയില്‍ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മിക്കുന്നു
1451153
Friday, September 6, 2024 11:06 PM IST
ഭരണങ്ങാനം: പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പാമ്പൂരാംപാറയില്‍ പുതിയ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മിക്കുന്നു. പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് 60,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മിക്കുന്നത്.
നിലവിലുള്ള ടാങ്കിന് ഉയരം ഇല്ലാത്തതിനാല്‍ പല പ്രദേശത്തും വെള്ളം എത്തുന്നതിന് തടസമായിരുന്നു. ടാങ്ക് നിര്‍മിക്കുന്നതോടുകൂടി പാമ്പൂരാംപാറ, പനച്ചിക്കപ്പാറ, മണ്ണൂര്‍ ഭാഗം, കല്ലടത്തുഭാഗം, കുളത്തിനാല്മുന്നി, കൊത്തളംപാറ, വരിക്കമാക്കല്മുന്നി, നനച്ചിപുഴ ഭാഗങ്ങളിലായി ഇരുന്നൂറോളം വീടുകളില്‍ കുടിവെള്ളം എത്തിക്കാന്‍ കഴിയും. ജില്ലാ പഞ്ചായത്തിന്റെ ചൂണ്ടച്ചേരിയിലുള്ള സ്ഥലത്തും മീനാറ തോടിന് സമീപവും നിര്‍മിച്ചിരിക്കുന്ന രണ്ടു കിണുകളില്നിന്നും വെള്ളം പമ്പ് ചെയ്താണ് 1500 മീറ്റര്‍ അകലെയുള്ള പാമ്പൂരാംപാറയില്‍ വെള്ളം എത്തിക്കുന്നത്.
ഇന്നു രാവിലെ 9.30ന് പഞ്ചായത്ത് മെംബര്‍ അനുമോള്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ടാങ്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടിവെള്ള പദ്ധതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഷിജോ വെട്ടുകല്ലേല്‍ പ്രസിഡന്റ് മിനോജ് പടവില്‍ സെക്രട്ടറിയും ആയുള്ള കമ്മിറ്റിയാണ് കുടിവെള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പാമ്പൂരാംപാറയില്‍ പുതിയ ടാങ്ക് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി, അരീപ്പാറ, പാമ്പൂരാംപാറ വാര്‍ഡുകള്‍ സമ്പൂര്‍ണ കുടിവെള്ളം ലഭ്യമാക്കിയ വാര്‍ഡുകളായി മാറുമെന്ന് രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.