ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കണമെന്ന് യാത്രക്കാർ
1451410
Saturday, September 7, 2024 6:50 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കുള്ള ഫുട്ട് ഓവർബ്രിഡ്ജ് അപ്രോച്ച് റോഡിലേക്ക് ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. സ്റ്റേഷനേക്കാൾ ഉയർന്നാണ് അപ്രോച്ച് റോഡ് സ്ഥിതി ചെയ്യുന്നത്. അപ്രോച്ച് റോഡിൽനിന്ന് ഫുട് ഓവർ ബ്രിഡ്ജിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചാൽ യാത്രക്കാർക്ക് കൂടുതൽ പടികൾ കയറേണ്ട ദുരിതം ഒഴിവാക്കാം.
അപ്രോച്ച് റോഡിനോട് ചേർന്നു വരുന്ന ഓവർബ്രിഡ്ജിന്റെ മധ്യഭാഗം തുറന്നുകൊടുത്താൽ റോഡിൽ നിന്ന് നേരിട്ട് പ്രവേശിക്കാം. ഇതിന് അധികച്ചെലവ് ഉണ്ടാകുന്നുമില്ല. ഏറ്റുമാനൂർ സ്റ്റേഷനിൽ നടക്കുന്ന അമൃത് ഭാരത് പദ്ധതിയിൽ ലിഫ്റ്റ് / എസ്കേലേറ്റർ സംവിധാനം ഉൾപ്പെടുന്നില്ല.
ഈ സാഹചര്യത്തിൽ പ്രായമായവർക്കും അംഗപരിമിതർക്കും ഇത് ഏറെ ഗുണകരമാകും. ട്രെയിൻ നിർത്തുന്നത് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിൽ ആയതിനാൽ എല്ലാ യാത്രക്കാരും ഓവർ ബ്രിഡ്ജ് ഉപയോഗിക്കാൻ നിർബന്ധിതരാണ്. വയോധികർ പടികൾ കയറാൻ വളരെ ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്.
പുതിയ പാർക്കിംഗ് ഏരിയയോട് ചേർന്നാണ് ഓവർബ്രിഡ്ജ് സ്ഥിതി ചെയ്യുന്നതെങ്കിലും സ്റ്റേഷന്റെ പ്രധാന കവാടം കടന്ന് ചുറ്റിക്കറങ്ങിയാണ് സ്റ്റേഷനുള്ളിൽ പ്രവേശിക്കേണ്ടത്. പലർക്കും ട്രെയിൻ നഷ്ടമാകാനും ഇതൊരു കാരണമാകുന്നുണ്ട്.
ഓൺലൈൻ ടിക്കറ്റുകളും റീസർവേഷൻ, സീസൺ ടിക്കറ്റുകളും ഉപയോഗിച്ച് മാത്രം യാത്ര ചെയ്യുന്ന യാത്രക്കാർ സ്റ്റേഷനു ചുറ്റി പ്രധാനകവാടത്തിലൂടെ ഉള്ളിൽ പ്രവേശിക്കേണ്ട കാര്യവുമില്ല. ഏറ്റുമാനൂരിൽ ഈ ആവശ്യത്തോട് റെയിൽവേ അധികൃതർ മുഖം തിരിക്കുമ്പോൾ പിറവം റോഡ് റെയിൽവേസ്റ്റേഷനിൽ ഈ സൗകര്യം അനുവദിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടായാൽ ഇക്കാര്യം അനുവദിക്കപ്പെടാവുന്നതേയുള്ളു.
ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ അധികൃതർക്കുള്ള നിവേദനം യാത്രക്കാർ സ്റ്റേഷൻ സൂപ്രണ്ടിന് കൈമാറി. പടികൾ കയറുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രായമായവർക്കും അംഗപരിമിതർക്കും പ്ലാറ്റ് ഫോമിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് സഹായകരമായ തീരുമാനം ഉണ്ടാകണമെന്ന് യാത്രക്കാർക്കുവേണ്ടി അംബിക ദേവിയും സിമി ജ്യോതിയും സ്റ്റേഷൻ സൂപ്രണ്ട് അനൂപ് ഐസക്കിന് നൽകിയ നിവേദനത്തിൽ പറയുന്നു. യാത്രക്കാരുടെ ആവശ്യം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്റ്റേഷൻ സൂപ്രണ്ട് യാത്രക്കാർക്ക് ഉറപ്പുനൽകി.