മാമ്മൂട്-വെങ്കോട്ട റോഡ് ചെളിക്കുളം; ചങ്ങാടം ഇറക്കി നാട്ടുകാർ
1451425
Saturday, September 7, 2024 7:03 AM IST
മാമ്മൂട്: ടാറിംഗ് പൊളിഞ്ഞ് ചെളിക്കുളമായി യാത്ര അപകടാവസ്ഥയിലായ മാമ്മൂട്-വെങ്കോട്ട റോഡില്‍ മാടപ്പള്ളി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഉപരോധം സംഘടിപ്പിച്ചു. വാഴപ്പിണ്ടികൊണ്ട് ചങ്ങാടം ഉണ്ടാക്കി വെള്ളക്കെട്ടിലിറക്കി അതില്‍നിന്നുകൊണ്ടാണ് ആളുകള്‍ റോഡ് ഉപരോധിച്ചത്. ഉപരോധ സമയത്ത് വാഹനങ്ങളില്‍ വന്ന യാത്രക്കാരും സമരത്തില്‍ പങ്കാളികളായി.
ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി-മോസ്കോ- വെങ്കോട്ട റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്നത്. സ്വകാര്യ ബസുകളും ചരക്കുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് റോഡിലെ കുഴികള്‍ അടച്ചിരുന്നു. ഇപ്പോള്‍ മറ്റു ഭാഗങ്ങള്‍ തകര്‍ന്ന നിലയിലാണ്. രണ്ടു മാസം മുമ്പ് മാമ്മൂട്ടിലെ ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് ഈ റോഡിലെ കുഴിയടച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മാടപ്പള്ളി വികസന സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉപരോധം ഉദ്ഘാടനം ചെയ്തു. സണ്ണി എത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. ജിന്സണ് മാത്യു, ബിപിന്‍ വര്‍ഗീസ്, കെ.എന്‍. രാജന്, ജോണിക്കുട്ടി ടി.ജെ., സേവ്യര്‍ ജേക്കബ്, തോമസ് വെള്ളൂകുന്ന്, സെലിന് ബാബു, രതീഷ് രാജന്, ജോമി ജോസഫ് കുഴിമണ്ണില്‍, തങ്കച്ചന് ചരിവുപറമ്പില്‍, റോജി കറുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.