ഭക്തമനസുകളെ ആത്മവിശുദ്ധിയുടെ നിറവിലേക്കുയർത്തി സുറിയാനി സംഗീത നിശ
1451117
Friday, September 6, 2024 7:00 AM IST
മണർകാട്: ഭക്തമനസുകളെ ആത്മവിശുദ്ധിയുടെ നിറവിലേക്ക് ഉയർത്തി മാതൃസ്തുതി സുറിയാനി സംഗീത നിശ. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോന്പ് പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നടത്തിയ “മാതൃസ്തുതി ഗീതങ്ങൾ -സുറിയാനി സംഗീതത്തിലൂടെ’’ എന്ന സംഗീത നിശ വിശ്വാസികൾക്ക് നവ്യാനുഭവമായി. ആദ്യമായിട്ടാണ് എട്ടുനോന്പ് പെരുന്നാളിനോട് അനുബന്ധിച്ച് കത്തീഡ്രലിൽ ഇത്തരമൊരു സംഗീത നിശ ഒരുക്കിയത്.
പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും വിശ്വാസവും സുറിയാനി സഭയുടെ ആരാധനകളിൽ എത്രമാത്രം പ്രാധാന്യത്തോടൊയാണ് സഭാ പിതാക്കന്മാർ ക്രമീകരിച്ചതെന്ന് എടുത്തു കാട്ടുന്നതായിരുന്നു പരിപാടി. സുറിയാനി സഭയുടെ ആരാധനഗീതങ്ങളിൽനിന്നും ശ്ഹീമോ നമസ്കാരത്തിൽനിന്നും മാതാവിനെ കുറിച്ച് പറയുന്ന ഗാനങ്ങളിൽനിന്ന് തെരഞ്ഞെടുത്തവ സുറിയാനിയിലും മലയാളത്തിലുമായിട്ടാണ് ആലപിച്ചത്.
മുളന്തുരുത്തി എംഎസ്ഒടി സെമിനാരിയിലെ ആരാധന സംഗീതം വിഭാഗം അധ്യാപകരും വിദ്യാർഥികളും ചേർന്നായിരുന്നു സംഗീത വിരുന്നൊരുക്കിയത്. വൈദിക സെമിനാരി അധ്യാപകനായ ഫാ. സി.യു. എൽദോസിന്റെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന സംഘമാണ് സംഗീത നിശ അവതരിപ്പിച്ചത്.