മണർകാട്ട് പന്തിരുനാഴി ഘോഷയാത്ര ഇന്ന്
1451415
Saturday, September 7, 2024 6:50 AM IST
മണർകാട്: മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടതുറക്കൽ ശുശ്രൂഷയ്ക്കു ശേഷം ഇന്നു നടക്കുന്ന പ്രധാന ചടങ്ങാണ് പന്തിരുനാഴി ഘോഷയാത്ര. പാച്ചോർ കമ്മിറ്റി കൺവീനറുടെ കൈയിലെ നെയ് നിറച്ച തേങ്ങാമുറിയിലെ തിരിയിൽ പള്ളിയിലെ തൂക്കുവിളക്കിൽനിന്നു വൈദികൻ തീ പകരും. തുടർന്ന് 1.30ന് പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പുറപ്പെടും.
പള്ളിക്കു ചുറ്റും മൂന്നു പ്രാവശ്യം വലംവച്ച ശേഷം കറിനേർച്ച തയാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് യാത്ര എത്തും. പന്തിരുനാഴി വയ്ക്കുന്ന വലിയ അടുപ്പിൽ പുരോഹിതൻ തീ പകർന്നാൽ ചെമ്പുകളൊക്കെ മറ്റടുപ്പുകളിലും തയാറാക്കും. ഇന്നു രാത്രി 12ന് ശേഷം കറിനേർച്ച വിതരണം ആരംഭിക്കും.
ഇന്നലെ കത്തീഡ്രലിലെ വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്ക്ക് മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക് മാർ ഒസ്താത്തിയോസ് പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന് എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു നൽകുന്ന കറിനേർച്ച ഒരുക്കുന്നതിനുള്ള കൂട്ട് ഐസക്ക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ആശീർവദിച്ചു.