ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ നിവാസികളുടെ പട്ടയസ്വപ്നം പൂവണിയുന്നു
1451421
Saturday, September 7, 2024 7:03 AM IST
വൈക്കം: ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ നിവാസികളിൽ പട്ടയത്തിന് അപേക്ഷ നൽകിയിരുന്നവരും കാഞ്ഞിരപ്പള്ളി ഐടിഡിപി പ്രോജക്ട് ഓഫീസറിൽനിന്ന് അനുമതി ലഭ്യമായതുമായ 24 ഗുണഭോക്താക്കൾക്ക് താമസിക്കുന്ന ഭൂമിയുടെ പട്ടയം 12ന് റവന്യൂ മന്ത്രി കെ. രാജൻ ടിവി പുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു.
ബാക്കിയുള്ള 11 കൈവശക്കാർക്കും പട്ടികവർഗ വകുപ്പിന്റെ അനുമതി ലഭ്യമായാലുടൻ പട്ടയം നൽകും. നിയമസഭയിലും കോട്ടയം ജില്ലാ റവന്യൂ അസംബ്ലിയിലും സി.കെ. ആശ എംഎൽഎ ഉന്നയിച്ച ആവശ്യത്തെത്തുടർന്ന് ഓണസമ്മാനമായി ഇവർക്ക് പട്ടയം നൽകുമെന്ന് റവന്യുമന്ത്രി ഉറപ്പ് നൽകിയിരുന്നു.
എംഎൽഎ നടത്തിയ വിവിധ ഇടപെടലുകളെത്തുടർന്ന് പട്ടികവർഗ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഐഎച്ച്ഡിപി നഗറിന്റെ വസ്തു റവന്യൂ വകുപ്പിനു വിട്ടൊഴിഞ്ഞു നൽകി ഓരോരുത്തരുടെയും കൈവശഭൂമി സർവേ നടത്തിയതടക്കം നിരവധിയായ സങ്കീർണ നടപടികൾ വഴിയാണ് പട്ടയ വിതരണം പൂർത്തീകരിക്കുന്നത്.