നാട്ടറിവുകള്‍ തേടി വിദ്യാർഥിക്കൂട്ടം
1451127
Friday, September 6, 2024 7:14 AM IST
കടുത്തുരുത്തി: നാട്ടറിവുകള്‍ തേടി തൊഴിലുറപ്പ് അംഗങ്ങളോടൊപ്പം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍. ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികള്‍ നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവരുമായി ആശയവിനിമയം നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്കൂളില്‍നിന്നുള്ള അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്വീകരിച്ചു. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് തൊഴിലുറപ്പംഗങ്ങള് മറുപടി നല്കി.
തൊഴിലുറപ്പ് പദ്ധതിയിലൂടെ വ്യക്തികളുടെ സ്വയം പര്യാപ്തത, ദാരിദ്ര്യ നിര്‍മാര്‍ജനം, കുടുംബത്തിന്റെ സമൃദ്ധി, ഗ്രാമവികസനം, നാടിന്റെ പുരോഗതി എന്നിവ സാധ്യമാകുന്നത് കുട്ടികള്‍ക്ക് അവര്‍ വിശദീകരിച്ചു നല്കി. വിദ്യാര്‍ഥികളോടൊപ്പം അനുഭവങ്ങള്‍ പങ്കുവച്ചും ഒറ്റമൂലികള്‍ ഉള്‍പ്പെടെയുള്ള നാടന്‍ പൊടിക്കൈകളും ആരോഗ്യപരമായ ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള രുചിക്കൂട്ടുകളും മറ്റ് നാടന്‍ അറിവുകളും പങ്കുവച്ചു. നാടന്‍ പാട്ടുകള്‍ പാടാനും സമയം ചെലവഴിച്ചു.
കൃഷിയുടെ അനന്തമായ സാധ്യതകളെപ്പറ്റി കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്കി നാട്ടിലെ മുതിര്‍ന്ന കര്‍ഷകനായ ഫിലിപ്പ് പാലകന് കുട്ടികളോട് സംസാരിച്ചു. തന്റെ കൃഷിയിടത്ത് നടത്തിയ വിവിധ പരീക്ഷണങ്ങളെപ്പറ്റിയും സമ്മിശ്ര കൃഷി രീതി ഉള്‍പ്പെടെയുള്ള വിവിധതരത്തിലുള്ള ജൈവകൃഷിരീതികളെക്കുറിച്ചും അദേഹം സംസാരിച്ചു. അധ്യാപകരായ മാത്യു ഫിലിപ്പ്, പിങ്കി ജോയ്, ജിനോ തോമസ്, മാത്യൂസ് ജോര്‍ജ് എന്നിവരോടൊപ്പം 42 കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു.