കുമരകത്ത് വീണ്ടും വള്ളംകളിയുടെ ആവേശനാളുകൾ
1451122
Friday, September 6, 2024 7:00 AM IST
കുമരകം: നെഹ്റു ട്രാേഫിയും സിബിഎൽ മത്സരങ്ങളും അനിശ്ചിതത്തിലായതാേടെ നിരാശയിലായ വള്ളംകളി ആരാധകരുടെ പ്രതീക്ഷകൾ വീണ്ടും വാനോളമുയരുന്നു. നെഹ്റു ട്രാേഫി, കുമരകം, കവണാറ്റിൻകര, താഴത്തങ്ങാടി, അയ്മനം തുടങ്ങിയ സ്ഥലങ്ങളിലെ ജലമേളകൾ നടക്കാനിരിക്കെ ജില്ലയിൽ വള്ളംകളിആരാധകർക്ക് വള്ളംകളി മാത്രമാണിനി ചർച്ചാവിഷയം. 10 മുതൽ 15 ദിവസം വരെ പരിശീലനം നടത്തിക്കഴിഞ്ഞപ്പോഴാണ് വയനാട് ദുരന്തം സംഭവിച്ചതും ആഘോഷങ്ങളെല്ലാം സർക്കാർ വേണ്ടെന്നു പ്രഖ്യാപിച്ചതും. ഇത് ബോട്ട് ക്ലബ്ബുകളെയാകെ പ്രതിസന്ധിയിലാക്കി .
കോട്ടയം ജില്ലയിലെ പ്രശസ്ത ക്ലബ്ബായ കുമരകം ടൗൺ ബോട്ട് ക്ലബ്ബ് 11 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയപ്പാേഴാണ് നെഹ്റു ട്രാേഫി അനിശ്ചിതത്തിലായത്. പരിശീലനത്തിനായി 35 ലക്ഷം രൂപയാണ് ചെലവായത്. 15 ലക്ഷം രൂപയുടെ കടക്കെണിയിലാണിപ്പാേൾ ക്ലബ്ബ്. ടീമിൽ 25 ശതമാനം ഇതരസംസ്ഥാന താരങ്ങളുമുണ്ട്. അവരുടെ കൂലിയും ഭക്ഷണവും വിമാനടിക്കറ്റും എല്ലാം ക്ലബ്ബാണ് വഹിക്കുന്നത്.
ഇനി അടുത്തദിവസം അവരെയല്ലാം തിരികെയെത്തിച്ച് 12 ദിവസം കൂടി പരിശീലനത്തുഴച്ചിൽ നടത്താനാണ് ക്ലബ്ബ് തീരുമാനം. 11നാണ് പരിശീലനത്തുഴച്ചിൽ വീണ്ടും തുടങ്ങുക. കുമരകം ടൗൺ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുഭാഗം ചുണ്ടൻ ഇപ്പോൾ വള്ളപ്പുരയിലാണ്. പരിശീലനത്തിനായി ശുഭ മുഹൂർത്തം നോക്കി വള്ളം നീരണിയിച്ച് വീണ്ടും കാെണ്ടുവരേണ്ടതുണ്ട്.
കുമരകം ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടനും അടുത്തയാഴ്ച ആദ്യം വീണ്ടും പരിശീലന തുഴച്ചിൽ ആരംഭിക്കും. വെച്ചൂർ പുത്തൻകായൽ സ്വാമിക്കല്ല് ഭാഗത്താണു മേൽപാടം ചുണ്ടന്റെ ക്യാന്പ് പ്രവർത്തിക്കുക.
ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ (സിബിസി) പരിശീലന തുഴച്ചിലും അടുത്തദിവസംതന്നെ ആരംഭിക്കുമെന്നു ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ പറഞ്ഞു. ചങ്ങനാശേരി ബോട്ട് ക്ലബ്ബ് ആയാപറമ്പ് വലിയദിവാൻജി ചുണ്ടനിലാണു നെഹ്റു ട്രോഫിക്ക് തുഴയറിയുക. ബോട്ട് ക്ലബ്ബുകൾ നിലനില്ക്കണമെങ്കിൽ കടക്കെണിയിൽനിന്നു മുക്തി നേടണം, അതിന് സർക്കാരും ടൂറിസം വകുപ്പും സഹായിക്കണമെന്നാണ് കുട്ടനാട്ടിലെ ക്ലബ്ബ് ഭാരവാഹികളുടെ ആവശ്യം.