സമ്മിശ്ര കൃഷിയിൽ വൻ നേട്ടം കൊയ്ത് കെഎസ്ഇബി ഓവർസിയർ
1451128
Friday, September 6, 2024 7:14 AM IST
ചെമ്മനത്തുകര: സർക്കാർ ജോലിയുടെ തിരക്കിനിടയിലും നൂതന കൃഷി രീതികളുടെ പിൻബലത്താൽ സമ്മിശ്രകൃഷിയിൽ വിജയഗാഥ രചിച്ച് ഒരു കർഷകൻ.
തലയോലപറമ്പ് വൈദ്യുതി ഭവനിലെ ഓവർസിയർ ടിവി പുരം ചെമ്മനത്തുകര ഇലഞ്ഞിത്തറയിൽ ഇ. കെ. കിഷോറാണ് ജൈവകൃഷിയിൽ മികച്ച നേട്ടം കൈവരിച്ചത്. തടം കോരി മീതെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുതയിട്ട് പച്ചക്കറി തൈനട്ട് ജൈവ വള പ്രയോഗം നടത്തിയാണ് കിഷോർ കൃഷി നടത്തുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പുതയിടുന്നതിനാൽ കളകൾ കൃഷിയിടത്തിൽ വളരുകയില്ല. വളം പൂർണമായി ചെടിക്ക് ലഭിക്കുന്നതിനാൽ ചെടി ഏറെ കരുത്തോടെ വളർന്ന് മികച്ച വിളവ് നൽകും.
ചെമ്മനത്തുകര കരിമ്പൂഴിക്കാട്ട് ഏബ്രഹാം ജോസിന്റെ രണ്ടേക്കർ പുരയിടത്തിലും സമീപത്തെ മൂന്നു പ്ലോട്ടുകളിലുമായാണ് കിഷോറിന്റെ ജൈവ കൃഷി. പച്ചക്കറി കൃഷിയിൽ രണ്ടു പതിറ്റാണ്ടായി വ്യാപൃതനായ കിഷോർ ഇക്കുറി ആദ്യമായി പൂക്കൃഷിയും ആരംഭിച്ചു. ഒരേക്കറോളം സ്ഥലത്ത് മഞ്ഞ, ചുവപ്പ് ബന്ദിപൂക്കളും വാടാമല്ലിയുമാണ് കൃഷി ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റ് പുതയിട്ട് നടത്തിയ പൂകൃഷി ആരംഭത്തിൽ തന്നെ മികച്ച വിളവാണ് ലഭിക്കുന്നത്.
പൂക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ടിവി പുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി നിർവഹിച്ചു. ടി വി പുരം കൃഷി ഓഫീസർ ആർ.എം.ചൈതന്യ,പഞ്ചായത്ത് അംഗങ്ങളായ സിനിഷാജി, കെ.ടി. ജോസഫ്, പൊതുപ്രവർത്തകൻ സി.ടി. ജോസഫ്, കർഷകൻ ഇ.കെ. കിഷോർ തുടങ്ങിയവർ സംബന്ധിച്ചു. തക്കാളി, വഴുതന, പാവൽ , പീച്ചിൽ , പയർ, വെണ്ട, ചീര, പച്ചമുളക് തുടങ്ങി പത്തോളം പച്ചക്കറി ഇനങ്ങൾ കിഷോർ കൃഷി ചെയ്യുന്നുണ്ട്. കപ്പ കൃഷിയിൽ വൻ വിളവ് നേടിയ ശേഷമാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.
നൂതന കൃഷിരീതികൾ അവലംബിച്ച് നേട്ടം കൊയ്യുന്ന കിഷോറിന്റെ കാർഷിക രംഗത്തെ മികവിന് ടിവി പുരം പഞ്ചായത്ത് നൂതന രീതിയിൽ കൃഷി ചെയ്യുന്ന മികച്ച കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ചു. പുറത്തു നിന്നു ലഭിക്കുന്ന പഴം പച്ചക്കറികളും മത്സ്യവുമൊക്കെ വിഷമയമായതിനാൽ വീടുകളിൽ മുമ്പുണ്ടായിരുന്ന അടുക്കളത്തോട്ടങ്ങൾ പുനരാംഭിച്ച് പുതിയ തലമുറയുടെ ആരോഗ്യം സംരക്ഷിക്കാൻ കുടുംബാംഗങ്ങൾ ഒന്നാകെ കൃഷിയിലേക്കിറങ്ങണമെന്നാണ് കിഷോറിന്റെ അഭിപ്രായം.