മാഞ്ഞൂരിലെ ഓണം കളറാക്കാന്‍ നാടൊരുങ്ങി; മാവേലിയും പുലികളും നാടുകാണാനിറങ്ങും
1451419
Saturday, September 7, 2024 6:50 AM IST
കടുത്തുരുത്തി: മാഞ്ഞൂരിലെ ഓണം കളറാക്കാന്‍ നാടൊരുങ്ങി. മാവേലിയും പുലികളും നാട് കാണാനിറങ്ങും. 13നാണ് ഓണാഘോഷ പരിപാടികള്‍ക്ക് ഗ്രാമത്തില്‍ തുടക്കമാകുന്നത്. കാര്‍ഷിക ഗ്രാമമായ മാഞ്ഞൂരിനിത് വിളവെടുപ്പുകാലം കൂടിയാണ്. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഗ്രന്ഥശാലകളുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ നടത്തുന്നത്.
ആഘോഷവേളകളിലെ ജനപങ്കാളിത്തം ഉറപ്പാക്കാനായി സംഘടനകളുടെ ഭാരവാഹികളും കുട്ടികളുമെല്ലാം പരിപാടിയുടെ നോട്ടീസുമായി വീടുകള്‍ കയറിയിറങ്ങുന്ന തിരക്കിലുമാണ്.
മാവേലിയുടെ വേഷം കെട്ടിയുള്ള വിളംബര ഘോഷയാത്ര, പുലികളി, കൈകൊട്ടിക്കളി, ചവിട്ടുകളി, വടംവലി മത്സരം, ഊഞ്ഞാലാട്ടം, കൂമ്പേല്‍ കയറ്റം, വിവിധ ഓണക്കളികള്‍ എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടക്കും. കുറുപ്പന്തറ, മാഞ്ഞൂര്‍, മേമ്മുറി, കാഞ്ഞിരത്താനം, ഇരവിമംഗലം, മാന്‍വെട്ടം, മുട്ടുചിറ എന്നിവിടങ്ങളില്ലെലാം വ്യത്യസ്തമായ രീതിയിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രവാസികള്‍ ഒരുപാടുള്ള ഗ്രാമമാണ് മാഞ്ഞൂര്‍. നല്ലൊരു ശതമാനം പ്രവാസികളും ഓണാഘോഷത്തിനായി നാട്ടിലെത്തിയിട്ടുണ്ട്. വയനാട് ദുരന്തം പ്രമാണിച്ച് ഇത്തവണ മാഞ്ഞൂരില്‍ പഞ്ചായത്തുതല ഓണാഘോഷ പരിപാടികള്‍ നടത്തുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ പൊതുവായി നടക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ചതാകട്ടെയെന്നും നാടിന്റെ കൂട്ടായ്മയുടെ ഉത്സവത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ചെണ്ടുമല്ലി, ബന്തി തുടങ്ങിയ പൂവുകളെല്ലാം കര്‍ഷകര്‍ ഓണവിപണി ലക്ഷ്യമിട്ട് ഇവിടെ വ്യാപകമായി ഉദ്പാദിപ്പിച്ചിട്ടുണ്ട്. വിവിധയിനം പച്ചക്കറികളും വാഴക്കുലകളും ഓണത്തിനു വിളവെടുക്കാന്‍ പാകമായി കഴിഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് ആറ് ഏക്കര്‍ സ്ഥലത്താണ് മാഞ്ഞൂരില്‍ പൂക്കൃഷി നടത്തിയത്.