മോട്ടോർ പ്രവർത്തിക്കുന്നില്ല; ഒളോക്കരി പാടശേഖരത്തിലെ നെൽക്കൃഷി വെള്ളത്തിൽ
1451412
Saturday, September 7, 2024 6:50 AM IST
കരീമഠം: ഒളോക്കരി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി കെഎസ്ഇബി നൽകുന്നില്ലെന്ന് ആക്ഷേപം. 350 ഏക്കറുള്ള പാടശേഖരത്തിൽ നാലു മോട്ടോർ തറകളിലാണ് പമ്പിംഗ് നടക്കുന്നത്.
മൂന്നു പെട്ടിയും പറയും ഒരു വെർട്ടിക്കൽ ആക്സിൽ മോട്ടോർ പമ്പും ആണുള്ളത്. കിഴക്കേ മോട്ടോർ തറയിലാണ് ആധുനിക വെർട്ടിക്കൽ ആക്സിൽ മോട്ടോർ പമ്പ് ഉള്ളത്. ഇത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാൽ പാടശേഖരത്തിലെ വെള്ളം വറ്റിക്കാനാകുന്നില്ല. ഇതോടെ 150 ഏക്കറിലെ 40 ദിവസം പ്രായമായ നെല്ല് വെള്ളത്തിനടിയിലായെന്നു കർഷകർ പറയുന്നു.
ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് പവർ കുറവായതിനാൽ ഡ്രിപ്പ് ആയി പോകുന്നത് ചൂണ്ടിക്കാട്ടി കുമരകം കെഎസ്ഇബിയിൽ പലതവണ പരാതി നൽകിയെങ്കിലും ഇന്നുവരെയും പ്രശ്ന പരിഹാരമായിട്ടില്ലെന്ന് സെക്രട്ടറി സുനില്‍ കുമരകം പറഞ്ഞു.
പവർ കുറഞ്ഞ മറ്റൊരു പമ്പ് സെറ്റ് വാടകയ്ക്കെടുത്ത് വെള്ളം വറ്റിക്കുന്നതിനുള്ള നടപടികൾ പാടശേഖര സമിതി തുടങ്ങിവച്ചിട്ടുണ്ട്. എന്നാൽ, ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പാവപ്പെട്ട നെൽകർഷകർക്ക് താങ്ങാവുന്നതിലും അധികമാണ്.
ഉയർന്ന കെവിയിലുള്ള ട്രാൻസ്ഫോർമർ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎൽഎയും മന്ത്രിയുമായ വി.എൻ. വാസവനെ പടശേഖര സമിതി സമീപിച്ചിട്ടുണ്ട്. പ്രശ്നത്തിനു ശാശ്വതപരിഹാരം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.