പൊൻകുന്നം സെയ്തിന് പി.എൻ. പണിക്കർ പുരസ്കാരം
1451148
Friday, September 6, 2024 11:06 PM IST
പൊൻകുന്നം: മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി.എൻ. പണിക്കർ പുരസ്കാരത്തിന് സാഹിത്യകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ പൊൻകുന്നം സെയ്ത് അർഹനായി. 2023-24ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
റിട്ടയേർഡ് അധ്യാപകനായ സെയ്ത് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗമാണ്. സാംസ്കാരികപ്രവർത്തകനും നാടകകാരനുമായ ഇദ്ദേഹം നേരത്തെ കേരള സംഗീതനാടക അക്കാഡമിയുടെ ഗുരുപൂജ പുരസ്കാരം നേടിയിരുന്നു. അമച്വർ, പ്രഫഷണൽ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ചങ്ങനാശേരി സൃഷ്ടി എന്ന പ്രഫഷണൽ നാടകസമിതി വർഷങ്ങളോളം നടത്തിയിരുന്നു. സംഗീതനാടക അക്കാഡമി നിർവാഹകസമിതിയംഗമായും ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ്പ്രസിഡന്റ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സുഹ്റാബീവിയാണ് ഭാര്യ.