എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനങ്ങളിലേക്ക്; കനത്തസുരക്ഷയും കരുതലുമായി പോലീസ്
1451118
Friday, September 6, 2024 7:00 AM IST
മണര്‍കാട്: സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനങ്ങളായ ഇന്നു മുതല്‍ എട്ട് വരെ തീയതികള്‍ പള്ളിയിലും പരിസരത്തും കനത്തസുരക്ഷയും കരുതലുമായി പോലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സജ്ജം. റവന്യു, ആരോഗ്യവകുപ്പുകള്‍ക്ക് പുറമേ പോലീസും എക്സൈസും അഗ്നിരക്ഷാ സേനാ വകുപ്പും പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കു ജനങ്ങളുടെ സുരക്ഷയൊരുക്കാനായി പ്രവര്‍ത്തിക്കുന്നു.
ഇന്നു മുതല്‍ കത്തീഡ്രലിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
മൂന്ന് ഡിവൈഎസ്പിമാര്‍ നാല് സിഐമാര്‍, 60 എസ്ഐമാരുള്‍പ്പടെ 350ല്‍ അധികം പോലീസുകാരെയാണ് പള്ളിയിലും പരിസരത്തും നിയോഗിച്ചിരിക്കുന്നത്. പള്ളിയും പരിസരവും പൂര്‍ണമായി സിസിടിവി നിരീക്ഷണത്തിലാണ്. ഇതിനായി 100 കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ നിരീക്ഷിക്കുന്നുണ്ട്.
ചടങ്ങുകള്‍ തത്സമയം
കത്തീഡ്രലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www. youtube. com/c/manarcadstmarys) വെബ്സൈറ്റിലും (https:// manarcad pally. com) പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകള്‍ എസിവി, ഗ്രീന്‍ ചാനല്‍ മണര്‍കാട് ടെലിവിഷന്‍ ചാനലുകളിലും ലഭ്യമാണ്.
മാതാവിന്റെ ശ്രേഷ്ഠഗുണങ്ങള്‍ ഹൃദയത്തിലേക്ക് സ്വാംശീകരിക്കണം: മാര്‍ ഈവാനിയോസ്
മണര്‍കാട്: ദൈവമാതാവിന്റെ ശ്രേഷ്ഠഗുണങ്ങള്‍ മനസിലാക്കി ഹൃദയത്തിലേക്കു സ്വാംശീകരിക്കണമെന്ന് ക്നാനായ അതിഭദ്രാസനം മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ്. മാതാവിന്റെ ശ്രേഷ്ഠത എന്താണെന്ന് മനസിലാക്കി ആ ജീവിതവുമായി താദാത്മ്യപ്പെടുമ്പോഴാണ് യഥാര്‍ഥത്തില്‍ പെരുന്നാളും എട്ടുനോമ്പിന്റെ വ്രതാനുഷ്ഠാനങ്ങളും ഒക്കെ അനുഗ്രഹമായി തീരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ അഞ്ചാം ദിനമായ ഇന്നലെ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കുശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കുര്യാക്കോസ് മാര്‍ ഈവാനിയോസ്, ഫാ. സോബിന്‍ ഏലിയാസ് അറയ്ക്കല്‍ ഉഴത്തില്‍ എന്നിവര്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തി.
മുളന്തുരുത്തി എംഎസ്ഒടി സെമിനാരിയിലെ ഫാ. സി.യു. എല്‍ദോസിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ച മാതൃസ്തുതി ഗീതങ്ങള്‍-സുറിയാനി സംഗീത നിശ നടന്നു.