ആനമതിൽ കടന്നെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു
1539702
Saturday, April 5, 2025 1:02 AM IST
കേളകം: ചെട്ടിയാംപറമ്പ് തുള്ളലിൽ ആനപ്രതിരോധ മതിൽ കടന്ന് ജനവാസ മേഖലയിലെത്തിയ കാട്ടാന പ്രദേശത്ത് ഭീതിപരത്തി. ഷിജു വടക്കേത്തടം, പ്രഭാകരൻ വരപ്പുറത്ത് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആറളം വന്യജീവി സങ്കേതത്തിൽനിന്നു ചീങ്കണ്ണിപ്പുഴ കടന്ന് കാട്ടാന എത്തിയത്. ആനമതിലിനോട് ചേർന്ന് പുഴയിൽ ഇറങ്ങുന്നതിനായി കല്ലുകൾ കൂട്ടിയിട്ടതിൽ ചവിട്ടിയാണ് ആന മതിൽ കടന്നത്. വടക്കേത്തടം ഷിജുവിന്റെ വാഴ, റബർ, കവുങ്ങ് എന്നിവയും പ്രഭാകരന്റെ കവുങ്ങും കാട്ടാന നശിപ്പിച്ചു. പ്രഭാകരന്റെ വീടിനു സമീപം വരെയെത്തിയ കാട്ടാന പ്ലാവിലെ ചക്കയും പറിച്ചു തിന്നാണ് വനത്തിലേക്ക് മടങ്ങിയത്.
പിന്നീട് വനംവകുപ്പിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ആനമതിലിനോടു ചേർന്ന് പുഴയിലേക്ക് ഇറങ്ങാനായി ഇട്ട കല്ലുകൾ മാറ്റുകയും മതിലിൽ ഇളകിപ്പോയ കല്ലുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ആറളം പുനരധിവാസ മേഖലയിൽനിന്നു തുരത്തിയ കാട്ടാനകൾ ചീങ്കണ്ണിപ്പുഴയോരത്താണ് തന്പടിക്കുന്നത്. ഇവയാണ് കൃഷിയിടങ്ങളിലെത്തിയത്.
ആന പ്രതിരോധ മതിൽ കടന്ന് കാട്ടാന കൃഷിയിടങ്ങളിലെത്തിയത് വനംവകുപ്പിന്റെ വീഴ്ച കൊണ്ടാണെന്ന് കിഫ ആരോപിച്ചു. മതിൽ ദുർബലമാകുന്നതിനോടൊപ്പം കല്ലുകളിൽ ചവിട്ടി ആന മുൻകാലുകൾ ഉയർത്തി മതിൽ ഭേദിക്കാൻ പറ്റുന്ന സാഹചര്യമാണ് പലയിടങ്ങളിലും നിലവിലുള്ളത്.
മതിലിന്റെ അറ്റകുറ്റപ്പണി നടത്താൻ ഉത്തരവാദിത്തപ്പെട്ട വനംവകുപ്പ് ഇക്കര്യത്തിൽ ശ്രദ്ധിക്കുന്നില്ല. മതിലുണ്ടെന്ന സുരക്ഷിതത്വ ബോധത്തിലാണ് ജനങ്ങൾ ജീവിക്കുന്നത്. എന്നാൽ, വനംവകുപ്പ് ഇത്തരം വിഷയങ്ങൾ ലാഘവ ബുദ്ധിയോടെയാണ് കാണുന്നത്.
മതിലിൽ വനംവകുപ്പിന്റെ ചിഹ്നം അടയാളപ്പെടുത്തി നന്പറിടുന്ന ശുഷ്കാന്തി അറ്റകുറ്റപ്പണിക്കും കാണിക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു.