ആദ്യത്തെ ഫുഡ് ബിനാലെ "കല്ലുമ്മക്ക' ബേക്കല്‍ ബീച്ച് പാര്‍ക്കില്‍
1539684
Saturday, April 5, 2025 1:02 AM IST
കാസര്‍ഗോഡ്: കല്ലുമ്മക്ക എന്ന പേരില്‍ കേരളത്തിലെ ആദ്യ ഫുഡ് ബിനാലെ ഇന്നു മുതല്‍ 20 വരെ ബിആര്‍ഡിസിയുടെയും ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. ഇന്നു വൈകുന്നേരം അഞ്ചിനു ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയാണ് ഫുഡ് ബിനാലെ. കുടുംബശ്രീ, ബേക്കലിലെ താജ്, ലളിത് റിസോര്‍ട്ട്, ഗേറ്റ്വേ ബേക്കല്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഫുഡ് ബിനാലെ സംഘടിപ്പിക്കുന്നത്.
കാസര്‍ഗോഡിന്റെ സ്വന്തം വിഭവങ്ങള്‍ മുതല്‍ ദേശവും കടന്നു രാജസ്ഥാനിന്റെ രുചിക്കൂട്ടുകള്‍ വരെ കുടുംബശ്രീ സ്റ്റാളുകളില്‍ ഒരുക്കും. ഹൈദരാബാദി ബിരിയാണി, വിവിധ ഇന്ത്യന്‍ ചൈനീസ് വിഭവങ്ങളുടെ സ്റ്റാളുകളുമുണ്ടാവും. താജ്, ലളിത്, ഗേറ്റ് വേ എന്നീ റിസോര്‍ട്ടുകളുടെ സ്റ്റാളുകളില്‍ പ്രീമിയം ഭക്ഷണവിഭവങ്ങള്‍ 12 മുതല്‍ സന്ദര്‍കര്‍ക്ക് താങ്ങാവുന്ന വിലയില്‍ പാര്‍ക്കില്‍ ലഭ്യമാക്കും. ഏഷ്യന്‍, കോണ്ടിനെന്റല് ഭക്ഷണമായിരിക്കും ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒരുക്കുക.
കാസര്‍ഗോഡ് കുടുംബശ്രീ ഒരുക്കുന്ന ചിക്കന്‍ സുക്ക, നെയ്പത്തിരി, പുളിവാളന്‍ തുടങ്ങിയ വിഭവങ്ങള്‍, വയനാട് കുടുംബശ്രീ ഒരുക്കുന്ന പോത്തിന് കാല്, മലബാര്‍ ബിരിയാണി, കോഴിപെരട്ട് തുടങ്ങിയ ഇനങ്ങളും കോഴിക്കോട് കുടുംബശ്രീ ഒരുക്കുന്ന മലബാര്‍ സ്നാക്സ്, കരിഞ്ചീരക കോഴി എന്നീ വിഭവങ്ങളും അട്ടപ്പാടി കുടുംബശ്രീയുടെ വനസുന്ദരി, സോലൈ മില്ലന് എന്നീ വിഭവങ്ങളും എറണാകുളം കുടുംബശ്രീ ഒരുക്കുന്ന വിവിധതരം ജ്യൂസുകള്‍, കൊല്ലം കുടുംബശ്രീയുടെ വിവിധതരം പായസങ്ങള്‍ രാജസ്ഥാനില്‍ നിന്നുള്ള വിവിധയിനം രുചിയേറും വിഭവങ്ങള്‍ എന്നിവ കുടുംബശ്രീ സ്റ്റാളുകളിലുണ്ടാകും.
കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി 11നു സിനിമാറ്റിക്ക് ഡാന്‍സ്, 12നു കൈകൊട്ടിക്കളി, 19നു ഫാഷന്‍ ഷോ, 20നു നാടന്‍പാട്ട് എന്നീ മത്സരങ്ങൾ നടക്കും. മത്സരത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ കൂടാതെ മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. മികച്ച കലാപ്രകടനങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. പങ്കെടുക്കുന്നവര്‍ പരിപാടിയുടെ രണ്ടുദിവസം മുമ്പെങ്കിലും 8078515289 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
ക്യുഎച്ച് ഗ്രൂപ്പ് ബിആര്ഡിസിയില്നിന്നും പാര്‍ക്ക് ഏറ്റെടുത്ത ശേഷം 150 അടി ഉയരത്തിലേക്കുയര്ത്തിയ പ്ലാറ്റ്ഫോമിലിരുന്നു കൊണ്ട് കടലിന്റെയും കരയുടെയും കാഴ്ചകള്‍ കണ്ട് ആഘോഷിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സ്കൈ ഡൈനിംഗ്, വിവിധ അഡ്വഞ്ചര്‍ ആക്ടിവിറ്റികള്‍, പെറ്റ് ഫോറസ്റ്റ്, 30 ഓളം സോഫ്റ്റ് ഗെയിംസിന്റെ ആര്‍ക്കേഡ് ഗെയിം സോണ്‍, ഫുഡ് സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവയും പാര്‍ക്കില്‍ സ്ഥിരമായി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനുള്ള വൃത്തിയും ഭംഗിയുമുള്ള ബീച്ചിനടുത്തുള്ള ദക്ഷിണേന്ത്യയിലെ മികച്ച പാര്‍ക്കായി ബേക്കല്‍ ബീച്ച്പാര്ക്കിനെ മാറ്റിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്യുഎച്ച് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ബിആര്‍ഡിസി മാനേജര്‍മാരായ യു.എസ്.പ്രസാദ്, കെ.എന്‍. സജിത്, ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ, എ.പി.മുസ്തഫ, കുടുംബശ്രീ ജില്ലാ അസി.കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹരിദാസ്, വി.സജിത് എന്നിവര്‍ പങ്കെടുത്തു.