പൈപ്പ് ലൈനിട്ട് മെക്കാഡം ടാറിംഗ് തകർന്ന റോഡ് ഉന്നതതല സംഘം സന്ദർശിച്ചു
1539688
Saturday, April 5, 2025 1:02 AM IST
ഇരിട്ടി: മെക്കാഡം ടാറിംഗ് നടത്തിയതിനു പിന്നാലെ പൈപ്പിട്ടതിനെ തുടർന്ന് തകർന്ന പടിയൂർ പഞ്ചായത്തിലെ പൂവം-കല്യാട് റോഡ് ജില്ലാ പഞ്ചായത്തിലെ ഉന്നതല സംഘം സന്ദർശിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. ഒരു കോടിയോളം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് മൊക്കാഡം ടാറിംഗ് നടത്തി നവീകരിച്ച റോഡിൽ ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് റോഡ് തകർന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത വേനൽ മഴയിൽ റോഡിന്റെ ഇരു ഭാഗങ്ങളിൽ നിന്നും കല്ലും മണ്ണും റോഡിലേക്ക് ഒഴുകി ഇറങ്ങിയതിനെ തുടർന്ന് കാൽ നടയാത്രപോലും യാത്ര ദുഷ്ക്കരമായിരിക്കുകയാണ്.
മൂന്ന് കിലോമീറ്റർ വരുന്ന റോഡ് 2.40 കിലോമീറ്റർ ജില്ലാ പഞ്ചായത്ത് വീതി കൂട്ടിയാണ് മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചത്. അവശേഷിക്കുന്ന 600 മീറ്റർ ഭാഗം നവീകരിക്കാൻ 37 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷാണ് ജലവകുപ്പ് കുടിവെള്ള പൈപ്പിടാനായി ഇരുവശങ്ങളിലും കുഴിയെടുത്തത്. ഇതോടെറോഡിന്റെ പലഭാഗങ്ങളും വെട്ടിപൊളിച്ചു. കുഴികളിൽ ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.
പഴശി പദ്ധതിയിൽ നിന്നും മലയോരത്തെ 14 പഞ്ചായത്തുകൾക്ക് കുടിവെള്ളം നൽകുന്ന പദ്ധതിക്കാണ് പൂവം-കല്യാട് റോഡിൽ വലിയ പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നത്. പൈപ്പിടുന്നതിന് വാട്ടർ അഥോറിട്ടി അനുമതി വാങ്ങിയിട്ടില്ലെന്നാണ് ജില്ല പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
ടാറിംഗ് ഇളക്കി പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗം വാട്ടർ അഥോറിറ്റി പൂർവ സ്ഥിതിയിലാക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം നിർദേശിച്ചിരിക്കുന്നത്. എന്നാൽ, വാട്ടർ അഥോറിറ്റി ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല പുലർത്തുന്നത്.
ജില്ലാ പഞ്ചായത്ത് പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മിററി ചെയർ പേഴ്സൺ ടി. സരള, ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശ്രീധരൻ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ദീപ്തി, അസി. എക്സിക്യൂട്ടിവ് എൻജിനിയർ മനോജ്കുമാർ, പടിയൂർ പഞ്ചായത്ത് ഓവർസിയർ അരുൺ, എക്സിക്യൂട്ടീവ് എൻജിനിയർ ബെഞ്ചമിൻ സിഹില എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.