ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ
1539701
Saturday, April 5, 2025 1:02 AM IST
പയ്യന്നൂര്‍: ആന്ധ്രയിൽനിന്ന് വില്പനയ്ക്ക് എത്തിച്ച ഇരുതലമൂരി എന്ന പാന്പുമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂരിലെ ടി.പി.പ്രദീപന് (49), പിലിക്കോട് സ്വദേശി എം.മനോജ് (30), വെള്ളൂര്‍ പഴയതെരുവിലെ കെ.ഭികേഷ് (39), ചിത്തൂര് സിഎം കണ്ടിഗയിലെ ടി.നവീന്‍ (35), ചിത്തൂര് പുത്തലപ്പട്ടു കലിമിടിയിലെ കെ.ചന്ദ്രശേഖര്‍ (37) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിനു സമീപമാണ് ഇവർ പിടിയിലാകുന്നത്.
തളിപ്പറന്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികള്‍ സഞ്ചരിച്ച ഒരു കാറും സ്കൂട്ടറും വനം വകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ആന്ധ്രയിലെ ചിത്തൂരിൽനിന്നു വില്പനയക്ക് കൊണ്ടുവന്നതാണെന്ന് മൊഴി നൽകിയത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സംഘത്തെ പിടികൂടിയത്.
ഇരുതലമൂരിയെ സൂക്ഷിച്ചാൽ സന്പത്തുൾപ്പടെ വന്നുചേരുകയും ദോഷങ്ങൾ അകന്നുപോകുമെന്നുമുള്ള അന്ധവിശ്വാസം വ്യാപകമാണ്.
ഇതുകാരണം ഇരുതലമൂരിയെ ലക്ഷങ്ങൾ കൊടുത്തു വാങ്ങാൻ ആളുകളുണ്ട്. വനംവകുപ്പിന്റെ സംരക്ഷിത വിഭാഗത്തിൽ പെടുന്ന ജീവിയായ ഇരുതല മൂരിയെ വാങ്ങുന്നതും വിൽക്കുന്നതും കുറ്റമാണ്.