മടമ്പം പികെഎം കോളജിൽ സ്റ്റെം എഡ്യുക്കേഷൻ പരിശീലനം
1539694
Saturday, April 5, 2025 1:02 AM IST
മടമ്പം: പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസ്, കൊച്ചി കെഎംഇഎ എൻജിനിയറിംഗ് കോളജിലെ ഐഇഇഇ, ഒഇഎസ് സ്റ്റുഡന്റ് ചാപ്റ്റർ എന്നിവയുമായി സഹകരിച്ച് അധ്യാപകർക്കും അധ്യാപക വിദ്യാർഥികൾക്കുമായുള്ള സ്റ്റെം എഡ്യുക്കേഷൻ പരിശീലന പരിപടിക്ക് തുടക്കമായി. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സൃഷ്ടി റോബോട്ടിക്സ് സിഇഒ സുനിൽ പോൾ ആണ് ഇരുപതുപേർ പങ്കെടുക്കുന്ന അഞ്ച് ദിവസത്തെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഊന്നൽ നൽകിയിട്ടുള്ള സ്റ്റെം എഡ്യുക്കേഷൻ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി സ്റ്റെം ലാബ്, സർട്ടിഫിക്കേറ്റഡ് പ്രോഗ്രാമുകൾ, സ്റ്റെം ഫോർ വിമൻ എന്നിവയടക്കം വിവിധ പദ്ധതികൾക്കാണ് പികെഎം കോളജിൽ തുടക്കം കുറിക്കുന്നത്. മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനെ സെന്റർ ഫോർ സ്റ്റെം എഡ്യുക്കേഷൻ ഇനിഷ്യേറ്റീവായി എംഎൽഎ പ്രഖ്യാപിച്ചു. സ്കൂളുകളിലും സ്റ്റെം എഡ്യുക്കേഷൻ നടപ്പാക്കുന്നതിനായി സൃഷ്ടി റോബോട്ടിക്സുമായി സഹകരിച്ച് പികെഎം കോളജ് ആരംഭിക്കുന്ന അക്കാഡമിക് പ്രോജക്ട് ആയ "സ്റ്റെം അറ്റ് സ്കൂൾസ്' പ്രോഡക്ടിന്റെ ലോഞ്ചിംഗും സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
മലബാർ മേഖലയിൽ വിദ്യാഭ്യാസ മുന്നേറ്റത്തനുള്ള പുതിയൊരു തുടക്കമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്ടിന്റെ നടത്തിപ്പിനായുള്ള ധാരണാപത്രത്തിൽ പികെഎം കോളജ് ഓഫ് എഡ്യുക്കേഷനും സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസും ഒപ്പുവച്ചു.