അധ്യാപകൻ ചമഞ്ഞ് പണം തട്ടുന്നതായി പരാതി
1539687
Saturday, April 5, 2025 1:02 AM IST
ആലക്കോട്: അധ്യാപകനാണെന്ന് ആളുകളെ ധരിപ്പിച്ച് പണം തട്ടുന്നതായി പരാതി. പൂവം സ്വദേശിയാണെന്നും ആലക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണെന്നും പറഞ്ഞാണ് തട്ടിപ്പ്. ഒരു മാസം മുമ്പാണ് സ്ഥലം മാറി ആലക്കോട്ടേക്ക് വന്നതെന്നും ഇയാൾ പറയുന്നുണ്ട്. സ്കൂളിൽ ഈ മാസം മുതൽ ആരംഭിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൽ കുട്ടികളെ നിർബന്ധമായും ചേർക്കണമെന്ന് വീടുകളിലെത്തി രക്ഷിതാക്കളോട് ആവശ്യപ്പെടുന്ന ഇയാൾ അഡ്മിഷൻ ഫീസിന്റെ പേരിലാണ് ആളുകളിൽ നിന്ന് പണം കൈക്കലാക്കുന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് ഏറെയും തട്ടിപ്പ്.
അധ്യാപകനാണെന്ന ധാരണയിലാണ് ആളുകൾ ഇയാൾക്ക് പണം നൽകുന്നത്. എന്നാൽ, പൂവം സ്വദേശിയായ ആരും ആലക്കോട് സ്കൂളിൽ ജോലി ചെയ്യുന്നില്ല. യാതൊരുവിധ വെക്കേഷൻ ക്ലാസുകളും സ്കൂളിൽ നടക്കുന്നില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. ആലക്കോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിനെതിരേ രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രതപാലിക്കണമെന്നും വഞ്ചിതരാകരുതെന്നും സ്കൂൾ അധികൃതർ അറിയിച്ചു.