ആറളം പുനരധിവാസ മേഖലയിൽ സോളാർ തൂക്കുവേലി നിർമാണ പ്രവൃത്തി നാളെ തുടങ്ങും
1540240
Sunday, April 6, 2025 7:14 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനമതിൽ പണി പൂർത്തീകരിക്കാൻ കാലതാമസം നേരിടുന്ന 5.2 കിലോമീറ്റർ ദൂരം സോളാർ തൂക്കുവേലി നിർമാണം അനെർട്ടിന്റെ നേതൃത്വത്തിൽ നാളെ തുടങ്ങാൻ തീരുമാനം.
രണ്ട് ഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളർ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കിലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തി 1.6 കിലോ മീറ്റർ പ്രവൃത്തി രണ്ടാം ഘട്ടത്തിൽ നടപ്പാക്കും.
ഒരു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 23 ന് വെള്ളി - ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്ന് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും സർവകക്ഷി പ്രതിനിധികളുടെയും യോഗത്തിൽ ഉയർന്ന ആവശ്യം പരിഗണിച്ചാണ് സോളർ തൂക്കുവേലി നിർമാണം നടത്തുന്നത്.
തൂക്കുവേലി നിർമിക്കേണ്ട സ്ഥലം നിശ്ചയിക്കുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിൽ അനെർട്ട് ജില്ലാ എൻജിനീയർ മുഹമ്മദ് റാഷിദ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഫാം വാർഡ് അംഗം മിനി ദിനേശൻ, ആറളം ഫാം പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി. ഷൈജു, ആറളം ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ആറളം പഞ്ചായത്ത് സെക്രട്ടറി വി.ജി. രഞ്ജിത്ത്, കരാർ സ്ഥാപനം നാച്വറൽ ഫെൻസ് സിഇഒ സന്തോഷ് ഗൗഡർ, പി.എച്ച്. ജാബിർ എന്നിവർ പങ്കെടുത്തു.