കുട്ടികളില്‍ കാഴ്ചവൈകല്യം കൂടുന്നു
1540256
Sunday, April 6, 2025 7:23 AM IST
കണ്ണൂർ: സ്കൂൾ വിദ്യാർഥികൾക്കിടയിൽ കാഴ്ചവൈകല്യം കൂടിവരുന്നതായി ദേശീയ ആയുഷ് മിഷന് ദൃഷ്ടി പദ്ധതി നേത്രാരോഗ്യ സര്‍വേ. അലര്‍ജിക് നേത്രരോഗങ്ങള്‍, മങ്ങിയ കാഴ്ച എന്നിവയുള്‍പ്പെടെ വിദ്യാര്‍ഥികളില്‍ വര്‍ധിക്കുന്നതായാണ് റിപ്പോർട്ട്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 14 സ്കൂളുകളിൽ നടത്തിയ നേത്ര പരിശോധനയില്‍ പത്തിനും 12 നും ഇടയില്‍ പ്രായമുള്ള 2,491 വിദ്യാര്‍ഥികളില്‍ 351 കുട്ടികളില്‍ കണ്ണ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി.
309 പേരില്‍ കാഴ്ചവൈകല്യവും 39 പേരില്‍ അലര്‍ജിക് കണ്ജങ്റ്റിവിറ്റിസും കണ്ടെത്തി. രണ്ടു പേരില്‍ തിമിരവും ഒരാള്‍ക്കു കോങ്കണ്ണും 11 വയസുള്ള കുട്ടിക്കു ജന്മനായുള്ള തിമിരവും മറ്റൊരു കുട്ടിയില്‍ ജന്മനാ റെറ്റിനാ തകരാറും കണ്ടെത്തി. ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയുന്നതിന് ദൃഷ്ടി പദ്ധതി പ്രത്യേക വൈദ്യസഹായം ഉറപ്പാക്കിയ തായി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.വി. ശ്രീനിവാസന് പറഞ്ഞു.
കണ്ണിന്റെ ആരോഗ്യത്തിന്
പച്ച ഇലക്കറികള്‍, കാരറ്റ്, നെല്ലിക്ക (ഒന്ന്), പപ്പായ, മീന്‍, മുട്ട (ആഴ്ചയില്‍ 2-3 തവണ) എന്നിവ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ നിത്യവും ഉള്‍പ്പെടുത്തണം.
തൈര്, ഉപ്പിലിട്ടത്, ജങ്ക് ഫുഡുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക.
രാത്രി വൈകി ഉറങ്ങല്‍, പകലുറക്കം, മൊബൈല്‍, ടിവി സ്ക്രീനുകളുടെ അമിത ഉപയോഗം, ചൂടുവെള്ളത്തില്‍ തല കഴുകല്‍ എന്നിവ ഒഴിവാക്കുക.