പുനരധിവാസ മേഖലയിലെ മരംമുറി; യോഗത്തിനെത്താതെ ടിആർഡിഎം അധികൃതർ
1540233
Sunday, April 6, 2025 7:14 AM IST
ഇരിട്ടി: പുനരധിവാസ മേഖലയിലൂടെ കടന്നുപോകുന്ന റോഡ് വികസനത്തിന്റെ മറവിൽ അനധികൃതമായി ആഞ്ഞിലി മരങ്ങൾ മുറിച്ചുകടത്തിയ ദീപിക വാർത്ത താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി. വിവാദങ്ങൾക്ക് പഞ്ഞമില്ലാത്തെ പുനരധിവാസ മേഖലയിൽ നിന്ന് ടിആർഡിഎം അധികൃതർ പതിവായി യോഗത്തിൽ പങ്കെടുക്കാത്തതും ചർച്ചയായി. പ്രധാന വിഷയം തോമസ് വർഗീസ് ആണ് യോഗത്തിൽ അവതരിപ്പിച്ചത്.
കൂടാതെ റീബിൾഡ് കേരളയുടെ ഭാഗമായി പണിപൂർത്തിയാകുന്ന എടൂർ പാലത്തുംകടവ് റോഡിലെ ടാറിംഗ് ഇളകി മാറുന്നതും ജൽജീവൻ മിഷന്റെ പേരിൽ റോഡുകൾ കുത്തിപൊളിക്കുകയും ചെയ്തതോടെ പ്രദേശത്തെ ജനങ്ങൾക്ക് റോഡും വെള്ളവില്ലാത്ത അവസ്ഥയിലാണെന്ന് തോമസ് വർഗീസ് പറഞ്ഞു.
വൈശാഖ മഹോത്സവത്തിന് മുന്പ് കൊട്ടിയൂരിലേക്ക് എത്തുന്ന എല്ലാ റോഡുകളും അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ആവശ്യപ്പെട്ടു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാട്ടുകാർക്കെതിരേ കേസെടുക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും പ്രസിഡന്റ് റോയ് നമ്പുടാകം പറഞ്ഞു.
ചാവശേരി - വെളിയമ്പ്ര റോഡ് തകർന്ന് കാൽനടയാത്രക്ക് പോലും സാധിക്കാത്ത അവസ്ഥയാണ് ഇറിഗേഷിന്റെ അധീനതയിലുള്ള റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള അനുമതി നീണ്ടു പോകുന്നത് ശരിയല്ലെന്നും പ്രവൃത്തി ഉടൻ പൂർത്തിയാക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും ഇരട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത പറഞ്ഞു.
ഏപ്രിൽ 15നുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പു നല്കി. റോഡിലെ കുഴിയും അപകടാവസ്ഥയിൽ കിടക്കുന്ന കൂറ്റൻ മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, തഹസിൽദാർ സി.വി. പ്രകാശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ തോമസ് തയ്യിൽ, കെ.പി. അനിൽകുമാർ, പായം ബാബുരാജ് , കെ. മുഹമ്മദലി, കെ.പി. ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.