റോബോട്ടിക് റാഡിക്കല്‍ പ്രോസ്റ്റേറ്റക്ടമി ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കിംസ് ശ്രീചന്ദ്
1539685
Saturday, April 5, 2025 1:02 AM IST
കണ്ണൂർ: ഉത്തര മലബാറില്‍ ആദ്യമായി അതിസങ്കീര്‍ണമായ റാഡിക്കല്‍ പ്രോസ്റ്റേറ്റക്ടമി ശസ്ത്രക്രിയ റോബോട്ടിക് സഹായത്തോടെ വിജയകരമായി പൂർത്തിയാക്കി കിംസ് ശ്രീചന്ദ് ആശുപത്രി. രാജ്യത്തെ പ്രമുഖ റോബോട്ടിക് സര്‍ജറി വിദഗ്ധനായ യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മോഹന്‍ കേശവമൂര്‍ത്തിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മലബാറിലെ മെഡിക്കല്‍ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതാണ് നേട്ടമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പ്രോസ്റ്റേറ്റ് ഗ്രന്ധിയുടെ ശരീരത്തിലെ സ്ഥാനം വളരെ ആഴത്തിലായതിനാല്‍ Da Vinci xi റോബോട്ടിന്റെ സഹായത്തോടെയാണ് ഏറ്റവും സുരക്ഷിതമായും കൃത്യതയോടെയും ശസ്ത്രക്രിയ നടത്തിയത്. സാധാരണ ശസ്ത്രക്രിയയേക്കാള്‍ വേഗത്തില്‍ രോഗികള്‍ക്ക് സുഖപ്രാപ്തി നേടാൻ കഴിയുന്നതാണ് സംവിധാനം. കുറഞ്ഞ ദിവസത്തിനകം തന്നെ സുഖം പ്രാപിച്ചു രോഗി വീട്ടിലേക്ക് മടങ്ങി. ആധുനിക ശസ്ത്രക്രിയ വിദ്യകളുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇനി റോബോട്ടിക് സര്‍ജറിയുടെ മുന്നേറ്റമായി അറിയപ്പെടുമെന്നും കിംസ് കോ-ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടറും കേരള ക്ലസ്റ്റര്‍ സിഇഒയുമായ ഫര്ഹാന് യാസിന് പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്രസമ്മേളനത്തിൽ യൂണിറ്റ് ഹെഡ് ഡോ. ദില്‍ഷാദ്. സീനിയർ ഡയറക്ടർ ഓഫ് യൂറോളജി ഡോ. മോഹന്‍ കേശവമൂര്‍ത്തി, അസി. മെഡിക്കൽ ഡയറക്ടർ ഡോ. ടോം ജോസ് കവലക്കാട്ട്, ക്രിട്ടിക്കൽ കെയർ ഹെഡ് ഡോ. അരുണ്‍കുമാര്‍, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അജയ് തോമസ്. യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. സൂരജ് വിജയന്, ഡോ. സന്തോഷ് കുമാര്‍ സുബുദ്ധി എന്നിവരും പങ്കെടുത്തു.