ലഹരിവിരുദ്ധ റാലി നടത്തി
1540219
Sunday, April 6, 2025 7:06 AM IST
ചെമ്പേരി: ലൂർദ് മാതാ സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി അധ്യാപകരുടെയും കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ റാലിയും സമ്മേളനവും നടത്തി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യേശുവിനെ ജീവിതത്തിന്റെ ലഹരിയാക്കി മാറ്റണമെന്നും രാസ ലഹരികൾക്കും മറ്റ് മയക്കുമരുന്നുകൾക്കുമെതിരെ വിദ്യാർഥികളും മാതാപിതാക്കളും പൊതുസമൂഹവും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുക്തിശ്രീ പ്രസിഡന്റ് ഷെൽസി കാവനാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അജേഷ് തുരുത്തേൽ ലഹരിവിരുദ്ധ സന്ദേശം നൽകി. സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ ഷീൻ വേലിയ്ക്കകത്ത്, ഫാ. സിറിൾ ചെറുകരക്കുന്നേൽ, ഷൈബി കുഴിവേലിപ്പുറം, ആൽവിൻ കവളക്കാട്ട്, ജോസ് ചിറ്റേട്ട് എന്നിവർ പ്രസംഗിച്ചു.