ഗവ. മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം
1539691
Saturday, April 5, 2025 1:02 AM IST
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബേസിക് കോഴ്സ് ഇന്‍ സെല്‍ഫ് ഡിഫെന്‍സില്‍ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ദേശീയ-അന്തര്‍ദേശീയ ചാമ്പ്യന്‍ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വനിതാ ട്രെയിനര്‍മാരുള്‍പ്പെടെയുള്ള തായ്ക്കോണ്ടോ ടീം പരിശീലനം നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയടക്കം അക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാതലത്തിലാണ് നൂതനമായ ഒരു പരിശീലനപരിപാടി ആശുപത്രി അധികൃതര്‍ സംഘടിപ്പിച്ചത്.
പരിപാടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. മനോജ്, ആര്‍എംഒ ഡോ. എം.എസ്. സരിന്, എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. കെ.ടി. മാധവന്, എആർഎംഒ ഡോ. മനോജ്കുമാര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. പി.പി. ബിനീഷ്, ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ഡോ. എം.വി. ബിന്ദു, നഴ്സിംഗ് സൂപ്രണ്ട് പി.ജെ. ലൂസി എന്നിവർ പ്രസംഗിച്ചു.