റെയിൽവേ സ്റ്റേഷനിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
1539686
Saturday, April 5, 2025 1:02 AM IST
കണ്ണൂർ: റെയിൽവേ പാർസൽ ഓഫീസിൽ പോയി തിരിച്ചു വന്ന യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി എൻ.കെ.അഭിലാഷിനെയാണ്(26) ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 20 ന് രാത്രി 8.15 നും 8.30 നും ഇടയിലായിരുന്നു സംഭവം. മുണ്ടയാട് അതിരകത്തെ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള കെഎൽ13 എവി 2943 സ്കൂട്ടറാണ് മോഷണം പോയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് ഓഫീസിനടുത്തായി സ്കൂട്ടർ നിർത്തി പാർസൽ ഓഫീസിൽ പോയി പത്ത് മിനിട്ടിനകം തിരിച്ചു വന്ന് നോക്കിയപ്പോഴായിരുന്നു സ്കൂട്ടർ കാണാതായത്.
തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആർപിഎഫ് പിടികൂടിയ യുവാവ് സ്റ്റേഷന് പുറത്തിറങ്ങി സ്കൂട്ടറുമായി കടന്നു കളയുന്നത് കണ്ടു. പുലർച്ചെ1.51ന് കോഴിക്കോട് ഏലത്തൂരിലെ കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .