ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവതികളടങ്ങുന്ന സംഘം അറസ്റ്റിൽ
1540261
Sunday, April 6, 2025 7:23 AM IST
തളിപ്പറമ്പ്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോഗിക്കാനെത്തിയ യുവതികളും യുവാക്കളും പിടിയിൽ. പറശിനി കോൾമൊട്ടയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്നുപയോഗിക്കാനെത്തിയ രണ്ടു യുവതികളെയും രണ്ടു യുവാക്കളെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37) ഇരിക്കൂർ സ്വദേശിനി റഫീന(24) കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് പിടിയിലാത്. മുറിയിൽ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെ രാവിലെ തളിപ്പറന്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ ഷിജിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലംഗ സംഘം പിടിയിലായത്.
യുവതികൾ പെരുന്നാൾ ദിവസം സൃഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് സ്വന്തം വീടുകളിൽ നിന്നിറങ്ങിയത്. തുടർന്ന് ആൺ സുഹൃത്തുക്കൾക്കൊപ്പം പല സ്ഥലങ്ങളിലായി മുറിയെടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് എക്സൈസ് സംഘം കണ്ടെത്തിയത്. വീട്ടിൽ നിന്നു വിളിക്കുന്പോൾ കൂട്ടുകാരിക്കൊപ്പമാണെന്ന് പറഞ്ഞ് ഫോൺ കൈമാറി വീട്ടുകാർക്ക് ഒരു സംശയത്തിനിട നൽകാതെയായിരുന്നു ഇവരുടെ കറങ്ങി നടത്തവും ലഹരി ഉപയോഗവും. പിടിയിലായ ശേഷം എക്സൈസ് ഉദ്യോഗസ്ഥർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവർ യാഥാർഥ്യം മനസിലാക്കുന്നത്.
പിടിയിലായവർക്ക് മയക്കുമരുന്ന് വില്പനയിൽ പങ്കുണ്ടോഎന്നകാര്യം അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വി.വി ഷാജി , അഷ്റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസർമാരായ നികേഷ് ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് കലേഷ്, സനേഷ്, വിനോദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.