കണ്ണൂര്‍ സമ്പൂര്‍ണ മാലിന്യമുക്ത ജില്ല
1540231
Sunday, April 6, 2025 7:14 AM IST
കണ്ണൂർ: മാലിന്യമുക്ത നവകേരളം കണ്ണൂര്‍ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവരുന്ന മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണമാണ് നടന്നത്. മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ആധുനിക നവകേരള സൃഷ്ടിക്ക് ശുചിത്വബോധമുള്ള സമൂഹം അനിവാര്യമാണെന്നും ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചതിന് കണ്ണൂര്‍ ജില്ലാപഞ്ചായത്തിനുള്ള പുരസ്കാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരിക്ക് നല്കി.
മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തങ്ങളായ മാതൃകകള്‍ സൃഷ്ടിച്ച കതിരൂര്‍, പെരളശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂര്‍, കുഞ്ഞിമംഗലം, കുറ്റിയാട്ടൂര്‍, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സെന്‍ട്രല്‍ ജയിലിന്റെയും വീഡിയോ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാതല പുരസ്കാരങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി വിതരണം ചെയ്തു.
കെ.വി. സുമേഷ് എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. സരള, എന്‍.വി ശ്രീജിനി, വി.കെ. സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി.എം. കൃഷ്ണന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. ശ്രീധരന്, ശുചിത്വ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, ഹരിത കേരളം മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ എന്നിവർ പ്രസംഗിച്ചു.