കരുതലിന്റെ മാതൃക; ആൻസി ടീച്ചർ പടിയിറങ്ങി
1540211
Sunday, April 6, 2025 7:06 AM IST
പയ്യാവൂർ: പ്രവർത്തന വ്യത്യസ്തതകളിലൂടെ വിദ്യാർഥികളിലും സഹപ്രവർത്തകരിലും വിസ്മയം പകർന്ന ആൻസി ടീച്ചർ സ്കൂളിൽനിന്ന് പടിയിറങ്ങുന്നു. 33 വർഷത്തെ സേവനത്തിന് ശേഷമാണ് പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂളിൽനിന്ന് ടീച്ചർ വിരമിക്കുന്നത്. എസ്ആർജി കൺവീനറായി പ്രവർത്തിച്ചതിനൊപ്പം വിദ്യാർഥികളുടെ ഉച്ചഭക്ഷണ ചുമതലയും വഹിച്ചിരുന്നു. മിക്ക ദിവസങ്ങളിലും സ്വന്തം വീട്ടുപറമ്പിൽ കൃഷി ചെയ്തുണ്ടാക്കിയ വിഭവങ്ങളും കൂടെ കരുതിയിട്ടാകും സ്കൂളിലെത്തുക.
ഉച്ചഭക്ഷണത്തിന് തയാറാക്കുന്ന വിഭവങ്ങൾ എല്ലാവർക്കുമായി ആവശ്യാനുസരണം വിളമ്പി നല്കാനും ടീച്ചറുണ്ടാകും. വിദ്യാർഥികൾക്കുണ്ടാകുന്ന പ്രതിസന്ധികളും പ്രയാസങ്ങളും പരിഹരിക്കാനും അതീവ ശ്രദ്ധയാണ്. നിർധന കുടുംബാംഗമായ ഒരു വിദ്യാർഥിക്കായി വീട് നിർമിച്ചു നല്കിയും ടീച്ചർ കരുതലിന്റെ മാതൃകയായി.