ഇരിട്ടി മാടത്തിൽ സ്റ്റേഡിയം; കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ സ്ഥലം സന്ദർശിച്ചു
1539689
Saturday, April 5, 2025 1:02 AM IST
ഇരിട്ടി: മലയോര മേഖലയുടെ സ്റ്റേഡിയം എന്ന സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ ഭാഗമായി കേരള സ്പോർട്സ് ഫൗണ്ടേഷൻ അധികൃതർ മാടത്തിലിലെ സ്ഥലം സന്ദർശിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷവും ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷവും പായം പഞ്ചായത്തിന്റെ 20 ലക്ഷവും ചേർന്ന് ഒരുകോടി രൂപയുടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എൻജിനിയർമാരായ എം. ശ്രീനിധി, എസ്. പ്രവിശങ്കർ എന്നിവർ മാടത്തിലെ സ്റ്റേഡിയത്തിൽ പരിശോധന നടത്തി. സ്റ്റേഡിയത്തിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് എടുക്കുന്നതിനു മുന്നോടിയായാണ് സന്ദർശനം. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, പഞ്ചായത്ത് അംഗം പി. സാജിദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, കെ. മോഹനൻ, പി. പ്രകാശൻ, റൈസ് കണിയാറക്കൽ, പി.സി. പോക്കർ എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.