വിട പറഞ്ഞത് കാൽപ്പന്തുകളിയിലെ കേരള പോലീസിന്റെ അഭിമാനം
1540253
Sunday, April 6, 2025 7:23 AM IST
പയ്യന്നൂർ: കാൽപ്പന്തുകളിയുടെ പെരുമ കേരളമാകെ എത്തിച്ച കളിക്കാരനാണ് കേരള പോലീസിലെ അസിസ്റ്റന്റ് കമാൻഡന്റായിരുന്ന പയ്യന്നൂർ അന്നൂരിലെ എം. ബാബുരാജ്. പയ്യന്നൂർ കോളജിൽ കോച്ച് ഭരതനു കീഴിൽ കോളജിന് വേണ്ടി കളിച്ച് മികവു തെളിയിച്ചു കൊണ്ടായിരുന്നു ബാബുരാജിന്റെ വളർച്ച. 1980-85 കാലഘട്ടത്തിൽ പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ് എന്നിവയ്ക്കായി നിരവധി ടൂർണമെന്റുകളിൽ കളിച്ചു.
പ്രശസ്ത കോച്ച് വിക്ടർ മഞ്ഞിലയുടെ കീഴിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി നിരവധി മത്സരങ്ങളിലും ഇദ്ദേഹം ബൂട്ട് കെട്ടി. ഫുട്ബോളിലെ ബാബുരാജിന്റെ മികവ് ശ്രദ്ധിച്ച പോലീസ് 1986 ൽ ഹവിൽദാറായി നിയമനം നൽകുകയായിരുന്നു. പിന്നീട് കേരള പോലീസ് ഫുട്ബോൾ ടീമിന്റെ സുവർണ കാലഘട്ടമായിരുന്നു.
യു. ഷറഫലി, വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, ലിസ്റ്റൺ, ഹബീബ് റഹ്മാൻ തുടങ്ങിയ വമ്പൻ താര നിര അടങ്ങിയ പോലീസ് ടീമിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുകയായിരുന്നു ബാബുരാജ്. ഇന്ത്യയിലും വിദേശത്തും സ്വദേശത്തുമായി നിരവധി ടൂർണമെൻറിൽ ബാബുരാജ് ബൂട്ടുകെട്ടി. കൊല്ലത്തു നടന്ന സന്തോഷ് ട്രോഫിയിലും, കേരള പോലീസ് ചാമ്പ്യൻമാരായ രണ്ട് ഫെഡറേഷൻ കപ്പിലും മിന്നുന്ന പ്രകടനം കാഴ്ച്ചവച്ച ബാബുരാജ്, കണ്ണൂരിൽ നടന്ന പ്രശസ്തമായ ശ്രീനാരായണ കപ്പ് ടൂർണമെന്റിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബിനെതിരേയുള്ള കളിയിൽ നേടിയ ഗോൾ ഫുട്ബോൾ പ്രേമികൾക്ക് അവിസ്മരണീയമാണ്. 2008 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ ബാബുരാജിനായിരുന്നു. ഫുട്ബോളിലൂടെ കേരള പോലീസിന്റെ അഭിമാനം വാനോളം ഉയർത്തിയ മികച്ച കളിക്കാരനായി രുന്നു ബാബുരാജ്.