കല്ലുമുട്ടി മൾട്ടിപ്ലക്സ് തിയേറ്റർ നിർമാണം; ടെൻഡർ ഊരാളുങ്കൽ സൊസൈറ്റിക്ക്
1492030
Friday, January 3, 2025 1:01 AM IST
ഇരിട്ടി: പായം പഞ്ചായത്തിന്റെ കല്ലുമുട്ടിയിലെ കെട്ടിട സമുച്ചയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെഎസ്എഫ്ഡിസി) സ്ഥാപിക്കുന്ന മൾട്ടിപ്ലക്സ് തിയറ്ററിന്റെ ടെൻഡർ ഊരാളുങ്കൽ സൊസൈറ്റിക്ക്. ഇന്റീരിയൽ നിർമാണ പ്രവൃത്തിക്ക് കിഫ്ബി അംഗീകാരം ലഭിച്ച ശേഷവും പ്രവൃത്തി വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ആദ്യ ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും ടെൻഡർ എടുത്ത കമ്പിനിക്ക് കോർപറേഷൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ കഴിയാതെവന്നതോടെ ടെൻഡർ റദാക്കുകയായിരുന്നു.
തുടർന്ന് നടത്തിയ റീ ടെൻഡറിലാണ് ഊരാളുങ്കൽ സൊസൈറ്റി ടെൻഡർ വച്ചത്. 7.22 കോടി രൂപയുടെ പ്രവർത്തിക്കാനാണ് കിഫ്ബിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായി എഗ്രിമെന്റ് ഒപ്പിട്ടാൽ മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഊരാളുങ്കൽ പറയുന്നത്. കൂടാതെ കോംപ്ലക്സിന്റെ മോടിപിടിപ്പിക്കൽ, ഇന്റർലോക്ക്, അവസാനഘട്ട മിനുക്കുപണികളും ഊരാളുങ്കൽ സൊസൈറ്റി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതിനുപുറമെ പഞ്ചായത്തിന്റെ 25-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോംപ്ലെക്സിന്റെ പിൻഭാഗം പഴശി പദ്ധതിയുടെ ഭാഗം കെട്ടി സുരക്ഷിതമാക്കുന്നതിനും പാർക്ക് ഉൾപ്പെടെ ക്രമീകരിക്കുന്നതിനും 50 ലക്ഷത്തോളം രൂപ വകയിരുത്താനും തീരുമാനം ആയതായി പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അറിയിച്ചു.
തലശേരി കുടക് അന്തർ സംസ്ഥാന പാതയിൽ പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ പായം പഞ്ചായത്തിന്റെ 80 സെന്റ് സ്ഥലത്ത് സ്ഥിചെയുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കോംപ്ലക്സിന്റെ മൂന്നും നാലും നിലകളിലായി 150 ഇരിപ്പിടങ്ങളുള്ള രണ്ട് തിയറ്ററുകളാണു സ്ഥാപിക്കുന്നത്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇന്റീരിയർ സൗകര്യങ്ങളുമാണ് ഒരുക്കുന്നത്.