കണ്ണൂര്‍ രൂപത കയ്റോസ് ജൂബിലി നിറവില്‍
1491731
Thursday, January 2, 2025 12:14 AM IST
പിലാത്തറ: രജത ജൂബിലി നിറവിലെത്തിയ കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കയ്റോസിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജൂബിലി സമാപന സമ്മേളന പരിപാടിയില്‍ വിവിധ രൂപതകളുടെ മെത്രാന്മാര്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
ചടങ്ങില്‍ ജൂബിലി ഹൗസിംഗ് പ്രൊജക്ടിന്റെ ഭാഗമായി സുമനസുകളുടെ സഹകരണത്തോടെ ലക്ഷ്യമിട്ട 56 വീടുകളില്‍ പൂവ്വം ഇടവകയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറുവീടുകളുടെ താക്കോല്‍ ദാനം നടക്കും.
അസംഘടിത മേഖലയിലുള്ള മേസ്ത്രിമാർ, ആശാരിമാര്, പെയിന്റര്‍മാര്‍, ഇലക്ട്രീഷ്യന്‍സ്, പ്ലംബര്‍മാര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് ജോലി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന കണ്ണൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനവും നടക്കും.
കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലവസരങ്ങള്‍ യഥാസമയം അറിയിച്ച് തൊഴിലന്വേഷകരെ സഹായിക്കാനായി www.kairoskannur.org എന്ന സൈറ്റിലുള്ള ബിആര്ജെ ജോബ് പോര്‍ട്ടലിനും തുടക്കം കുറിക്കുകയാണ്.
ആരോഗ്യമുള്ള നാളത്തെ ഒരു തലമുറയ്ക്കായി മായമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫാം സ്പാര്‍ക്ക് എന്ന പേരില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ടൗണുകളില്‍ ഷോപ്പുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചുവരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മുരിങ്ങ ഗ്രാമം പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
രൂപതയുടെ കണ്ണൂര്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ് സ്കൂളുകള്‍ക്ക് ആവശ്യമായ എല്ലാ നോട്ടുബുക്ക്, യൂണിഫോം, ഡയറി, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയവ എത്തിച്ചുകൊടുക്കുന്നത്. സ്കൂള്‍ യൂണി ഫോമുകള്‍ തയാറാക്കുന്നതിനായി അരിപ്പാമ്പ്ര പറവൂരില്‍ ഒരു ഗാര്‍മെന്റ്സ് യൂണിറ്റും പ്രവര്‍ത്തിച്ചുവരുന്നു.
"വിമന്‍ ഓണ്‍ വീല്‍സ്' പദ്ധതിയും, കോള്‍പിംഗ് ഇന്ത്യ വഴി നഴ്സുമാരെ സൗജന്യമായി ജര്‍മന്‍ ഭാഷ പഠിപ്പിച്ച് ജര്‍മനിയില്‍ ജോലിയില്‍ നേടിക്കൊടുക്കാൻ സഹായിക്കുന്ന പദ്ധതിയും കയ്റോസ് നടപ്പാക്കി വരുന്നു.
രജത ജൂബിലി സമാപന ചടങ്ങുകളുടെ വിജയത്തിനായി പിലാത്തറ സെന്റ് ജോസഫ് കോളജില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം വിവിധ സബ് കമ്മിറ്റികള്‍ക്കു രൂപം നല്കി. പിലാത്തറ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കയ്റോസ് ഡയറക്ടര്‍ ഫാ. ജോമോന് ചെമ്പകശേരി, ഫാ.ജോര്‍ജ് പൈനാടത്ത്, കോളജ് പ്രിന്‍സിപ്പൽ ഫാ. രാജന് ഫൗസ്തോ, ഫാ. ഷാജു ആന്റണി, കെ.വി. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.