മലയോരത്ത് ശക്തമായ കാറ്റിൽ വ്യാപകനാശം
1492020
Friday, January 3, 2025 1:00 AM IST
മണക്കടവ്: മലയോരത്ത് രണ്ടു ദിവസമായുള്ള കാറ്റ് ശമനമില്ലാതെ തുടരുന്നു. പുലർച്ചെ മുതൽ രാവിലെ പത്തു വരെയാണ് ശക്തമായ കാറ്റടിക്കുന്നത്. കാറ്റിൽ കാർഷിക വിളകൾ ഉൾപെടെ നശിച്ച് വ്യാപക നഷ്ടമാണ് ഉണ്ടാകുന്നത്. റബർ ടാപ്പിംഗിനെയും പാൽ ഉത്പാദനത്തെയം കാറ്റ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ മുതലുണ്ടായ കാറ്റിൽ ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ വലിയ നാശം സംഭവിച്ചു. ഉദയഗിരി പഞ്ചായത്തിലെ മണക്കടവ്, വായ്ക്കമ്പ, വെളളാട്ടു കൊല്ലി,മധുവനം, മൂരിക്കടവ്, മുക്കട ഭാഗങ്ങളിൽ കാറ്റ് കനത്ത നാശം വിതച്ചു. മൂരിക്കടവിലെ കിഴക്കേക്കളത്തിൽ മരം വീണ് നടരാജൻ എന്നയാളുടെ വീട് തകർന്നു. ഏകദേശം 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മണക്കടവ് ടൗണിലെ കേരള ഗ്രാമീണ ബാങ്ക് കെട്ടിടത്തിന്റെയും മുക്കട ടൗണിലെ കങ്ങഴയത്ത് ബാബുവിന്റെ കെട്ടിടത്തിന്റെയും മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ തകർന്നു. നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകളും നിലത്തു വീണു . ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തവരും സ്കൂൾ കുട്ടികളും പൊടിശല്യം മൂലം പൊറുതി മുട്ടുകയും ചെയ്തു.