ആറളം ഫാം പുനരധിവാസമേഖലയിൽ കാട് വെട്ടിത്തെളിച്ചു തുടങ്ങി
1491562
Wednesday, January 1, 2025 5:30 AM IST
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ആൾപെരുമാറ്റമില്ലാതെ കാടുകയറിയ വയനാടൻ മേഖലയിലെ റോഡുകൾ അടക്കമുള്ള പ്രദേശങ്ങൾ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നു. ആർആർടിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ നടത്തുന്നത്. പുനരധിവാസ മേഖലയിൽ വയനാടൻ മേഖലയിലുള്ളവർക്കായി മാറ്റിവച്ച 400 ഏക്കറോളം വരുന്ന സ്ഥലം കൈവശക്കാർ എത്താത്തതുകൊണ്ട് കാടുകയറി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ കേന്ദ്രമായി മാറിയ സാഹചര്യത്തിലാണ് നടപടി. ഇവിടേക്കുള്ള വഴികൾ ജെസിബി ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയ ശേഷമാണ് കാടുകൾ വെട്ടിത്തെളിച്ചു തുടങ്ങിയത്.
ഇതോടെ ഇവിടെ തന്പടിച്ചിരുന്ന കാട്ടാനകളടക്കം വനത്തിലേക്ക് പിൻവാങ്ങിയതായി ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ അറിയിച്ചു . കാടുവെട്ടിത്തെളിക്കൽ പ്രവൃത്തി തുടരുമെന്നും അദ്ദേഹം അറിയിച്ചു.