പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിൽനിന്ന് ചെങ്കല്ല് വെട്ടിയെടുക്കാൻ ടെൻഡർ ക്ഷണിച്ചു
1491379
Tuesday, December 31, 2024 7:28 AM IST
കാസർഗോഡ്: വ്യാപകമായി ഉയർന്ന എതിർപ്പുകൾ അവഗണിച്ച് പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിൽ നിന്ന് ചെങ്കല്ല് വെട്ടിയെടുക്കാൻ ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ മുളിയാർ നഞ്ചംപറമ്പിലും ചീമേനിയിലും ഓരോ ഏക്കർ വീതം സ്ഥലത്തുനിന്നാണ് ചെങ്കൽ ഖനനം നടത്താൻ ടെൻഡർ വിളിച്ചിട്ടുള്ളത്.
ജില്ലയിൽ പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്ലാന്റേഷൻ കോർപറേഷന്റെ എസ്റ്റേറ്റുകളിൽ ചെങ്കൽ ഖനനം തുടങ്ങിയാൽ അത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഭൂഗർഭ ജലശോഷണത്തിനും മറ്റും ഇടയാക്കുമെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് കോർപറേഷന് കൃഷിയേക്കാൾ ലാഭം ചെങ്കൽ ഖനനമാണെന്ന നിലയാകുമെന്നും ഇതോടെ എസ്റ്റേറ്റുകളുടെ ഗണ്യമായ ഭാഗം വെട്ടി കുഴിയാക്കപ്പെടുമെന്നുമാണ് ആശങ്ക. ചെങ്കല്ലെടുക്കുന്ന ഭാഗം വീണ്ടും മണ്ണിട്ട് നിരപ്പാക്കി കൃഷി നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും അപ്പോഴേക്കും കൂടുതൽ ഭാഗങ്ങൾ കുഴിക്കപ്പെടാനാണ് സാധ്യത.
കൃഷിക്കായി അനുവദിച്ച സ്ഥലങ്ങളിൽ ചെങ്കൽ ഖനനം നടത്തുന്നതിനെതിരെ നാട്ടുകാരുടെയും പരിസ്ഥിതി സംഘടനകളുടെയും ഭാഗത്തുനിന്നും പ്ലാന്റേഷൻ കോർപറേഷനിലെതന്നെ തൊഴിലാളികളുടെ ഭാഗത്തുനിന്നുമുൾപ്പെടെ എതിർപ്പുകൾ ഉയർന്നിരുന്നു. ചെങ്കല്ല് വെട്ടിയെടുക്കാൻ ഉദ്ദേശിക്കുന്ന നഞ്ചംപറമ്പ് നേരത്തേ എൻഡോസൾഫാൻ കുഴിച്ചിട്ടതിന്റെ പേരിൽ വാർത്തകളിൽ ഇടംപിടിച്ച സ്ഥലമാണ്. ഇവിടെ ചെങ്കല്ല് വെട്ടിയെടുക്കുന്ന കുഴികളിൽ കെട്ടിനില്ക്കുന്ന മഴവെള്ളം മണ്ണിനടിയിലെ എൻഡോസൾഫാനുമായി കലർന്നൊഴുകിയാൽ വീണ്ടുമൊരു ദുരന്തത്തിനാകും വഴിവയ്ക്കുക.