ഇരിട്ടിയിൽ ബാറ്ററിക്കട കത്തിനശിച്ചു; 15 ലക്ഷത്തിന്റെ നഷ്ടം
1492028
Friday, January 3, 2025 1:01 AM IST
ഇരിട്ടി: കീഴൂർ കൂളിച്ചെമ്പ്രയിൽ പ്രവർത്തിക്കുന്ന ബാറ്ററിക്കട കത്തി നശിച്ചു. ഇരിട്ടി സ്വദേശി എൻ.വി. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള എക്സൈഡ് കെയർ എന്ന എക്സൈഡ് ബാറ്ററിയുടെ വില്പനശാലയാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ 5.30 തോടെ ഇതുവഴി പോയ കാൽനടയാത്രക്കാരാണ് കടയിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇരിട്ടി അഗ്നിശമനസേനയെ വിവരം അറിയിക്കുന്നത്.
അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തായി നിരവധി കടകൾ ഉണ്ടായിരുന്നെങ്കിലും അഗ്നിശമനസേനയുടെ അതിവേഗമുള്ള ഇടപെടൽ മൂലം മറ്റു കടകളിലേക്ക് തീ പടരുന്നത് തടയാനായി. കടയിലെ ബാറ്ററികളും മറ്റു സാധനസാമഗ്രികളുമെല്ലാം പൂർണമായും കത്തി നശിച്ചു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി അഗ്നിശമനസേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മെഹറൂഫിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റിസ്ക്യു ഓഫിസർമാരായ പി.എച്ച്. നൗഷാദ് , ജെസ്റ്റിൻ ജെയിംസ് ,ആർ. അനീഷ് , ഹോം ഗാർഡ്മാരായ ശ്രീജിത്ത്,ബെന്നി സേവ്യർ, രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് തീ അണച്ചത്.