കണ്ണൂരിലും രാമന്തളിയിലും പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു
1491375
Tuesday, December 31, 2024 7:28 AM IST
കണ്ണൂർ: തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. അലമാരകളിൽ സൂക്ഷിച്ച 12 സ്വർണനാണയങ്ങളും രണ്ട് പവന്റെ മാലയും 88,000 രൂപയും മോഷണം പോയതായാണ് പരാതി. തളാപ്പ് കോട്ടാമ്മാർ കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്.
വിദേശത്തുനിന്ന് കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ ഉമൈബയുടെ മകൻ നാദിറാണ് ഇന്നലെ പുലർച്ചെ വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. ചെറുകുന്നിലെ സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഇന്നലെ പുലർച്ചെ നാലിനാണ് നാദിർ തളാപ്പിലെ വീട്ടിൽ എത്തിയത്.
വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് പോലീസിലും വിദേശത്തുള്ള ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ടൗൺ പോലീസ് സ്ഥലത്തെത്തി സ്ഥലത്തെ നീരീക്ഷണ കാമറകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂർ: രാമന്തളിയിൽ പ്രവാസിയുടെ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച. 75,000 രൂപയും രണ്ടര പവനോളം സ്വർണാഭരണങ്ങളും ഉൾപ്പെടെ രണ്ടുലക്ഷം രൂപയുടെ നഷ്ടം. പ്രവാസിയായ രാമന്തളി കുന്നരു കാരന്താട് മാന്താൻ പാലത്തിനു സമീപത്തെ പ്രവാസി വാച്ചാൽ രാമചന്ദ്രന്റെ പൂട്ടിക്കിടന്ന വീട്ടിലാണു കവർച്ച നടന്നത്.
ക്രിസ്മസ് ദിനത്തിൽ ബംഗളൂരുവിലേക്കു പോയിരുന്ന ഇദ്ദേഹവും കുടുംബവും ഇന്നലെ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. തിരിച്ചെത്തുമ്പോൾ വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെയും മുൻവാതിലിന്റെയും പൂട്ടുകൾ തകർത്ത നിലയിലായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപയും രണ്ടര പവന്റെ സ്വർണമാലയും കവർച്ചചെയ്ത നിലയിലായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിൽ തന്നെയായിരുന്നു. അതിനാൽ മതിൽ ചാടിക്കടന്നാണു കവർച്ചക്കാർ വീട്ടിൽ കയറിയതെന്നു കരുതുന്നു.
രാമചന്ദ്രന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടിൽ നിന്നു കിട്ടിയ നിരീക്ഷണ കാമറ ദൃശ്യത്തിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണു കവർച്ചയ്ക്ക് പിന്നിലെന്നു ബോധ്യമായിട്ടുണ്ട്.
പരിസര നിരീക്ഷണവുമായി ഒരാൾ പുറത്തുണ്ടായിരുന്നുവെന്ന സംശയവുമുണ്ട്. ഞായ റാഴ്ച പുലർച്ചെ ഒന്നിനാണ് കവർച്ച നടന്നതെന്നാണ് സിസിടിവി ദൃശ്യം വ്യക്തമാക്കുന്നത്. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.