പുതുവത്സര സമ്മാനമായി വിദ്യാർഥികൾക്ക് കലണ്ടർ വിതരണം ചെയ്തു
1491775
Thursday, January 2, 2025 1:46 AM IST
ചെറുപുഴ: തിരുമേനി എസ്എൻഡിപി എൽപി സ്കൂളിൽ പുതുവത്സര സമ്മാനമായി കുട്ടികൾക്ക് ലഭിച്ചത് കലണ്ടർ. കൂട്ടുകാരോടും ക്ലാസ് ടീച്ചറോടുമൊപ്പമുള്ള മുഖചിത്രമടങ്ങിയ കലണ്ടർ വിദ്യാർഥികൾക്ക് അദ്ഭുതമായി. തിരുമേനി എസ്എൻഡിപി എൽപി സ്കൂളിലാണ് മുഴുവൻ കുട്ടികൾക്കും വ്യത്യസ്തമായ പുതുവത്സര സമ്മാനം ലഭിച്ചത്.
വീട്ടിൽ കലണ്ടർ ഇല്ലാത്തവർ ഉണ്ട് എന്ന തിരിച്ചറിവാണ് സ്വന്തം കലണ്ടർ എന്ന ആശയത്തിലേയ്ക്ക് ഇവരെ എത്തിച്ചത്. ഓരോ ക്ലാസിലെയും കുട്ടികൾ അതാത് ക്ലാസ് ടീച്ചർക്ക് ഒപ്പമുള്ള ഫോട്ടോയാണ് മുഖചിത്രമായി നല്കിയത്. കലണ്ടർ പ്രകാശനം ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.പി. സുനിത, കെ.ഡി. പ്രവീൺ, സ്കൂൾ മാനേജർ എം.ഡി. ശ്യാംകുമാർ, മുഖ്യാധ്യാപകൻ പി.എം. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ എൻ.ജെ. വർഗീസ്, മഞ്ജു മധു, ടി. നിഷാ കുമാരി, കെ.ആർ. രമ്യ, ജ്യോതിസ് ഏബ്രാഹം തുടങ്ങിയവർ നേതൃത്വം നല്കി. കേക്ക് മുറിച്ച് പുതുവത്സരം ആഘോഷവും നടത്തി.