വിമുക്തഭടൻ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
1491676
Wednesday, January 1, 2025 10:22 PM IST
ഇരിട്ടി: കീഴ്പള്ളിയിൽ വിമുക്തഭടനെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അത്തിക്കൽ സ്വദേശി ചുടലിയാങ്കൽ ജോണി അലക്സിനെയാണ് (68) കട്ടിലിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴും പുലർച്ചെ 1.30നു ശേഷവും മുറിയിൽ നിന്ന് വെളിച്ചം കണ്ടതായി മകൻ ജെഫിൻ പറഞ്ഞു.
പുലർച്ചെ 5.30 ഓടെ തീകത്തിയുള്ള കരിയുന്ന മണം വന്നതോടെ പരിശോധിച്ചപ്പോഴാണ് കട്ടിലിനും കിടക്കയ്ക്കും തീപടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആറളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുകവലിക്കിടയിൽ അബദ്ധത്തിൽ കിടക്കയിൽ തീപിടിച്ചതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറളം സിഐ ജി. ആൻഡ്രിക് ഗ്രോമിക്, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തി. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ. ജോണി അലക്സിന്റെ സംസ്കാരം ഇന്ന് 10.30ന് വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.
ഭാര്യ: പരേതയായ ഫിലോമിന. ഉളിക്കൽ ലൈഫ് ഒപി ക്ലിനിക്കിലെ ഡോ. ജോയൽ മറ്റൊരു മകനാണ്. മരുമക്കൾ: ഡോ. നമിത, ആഷ്ലിൻ. സഹോദരങ്ങൾ: ജോസഫ്, അന്നമ്മ, കുര്യക്കോസ്, ആന്റണി, പരേതരായ അപ്പച്ചൻ, സിസ്റ്റർ ആനിയമ്മ ഡിഎസ്എസ്.