വാടക വീട്ടിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
1491419
Tuesday, December 31, 2024 10:02 PM IST
പരിയാരം: വാടക വീട്ടിൽ മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. ചെറുതാഴം എന്ന സ്ഥലത്ത് വർഷങ്ങളായി വാടകയ്ക്ക് താമസിച്ചു ജോലി ചെയ്തു വന്നിരുന്ന രാജൻ എന്നയാളെ ഡിസംബർ 29നാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജൻ 12 വർഷത്തോളമായി ഇവിടെ താമസിച്ചു വരികയായിരുന്നു. വീട് ആലുവയിലാണ് എന്നു മാത്രമേ നാട്ടുകാരോട് പറഞ്ഞിട്ടുള്ളു. ഇയാളുടെ ബന്ധുമിത്രാദികളെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് സഹായകമായ എന്തെങ്കിലും വിവരം അറിയുന്നവർ പരിയാരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഫോൺ: 04972 80 8100, 9497947257, 9497926042.