വളക്കൈ അപകടം; കാരണം അമിതവേഗവും ഡ്രൈവറുടെ ശ്രദ്ധക്കുറവും
1492011
Friday, January 3, 2025 1:00 AM IST
തളിപ്പറമ്പ്: വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർഥിനി മരിച്ച സംഭവത്തിന് ഇടയാക്കിയത് അമിതവേഗവും അശാസ്ത്രീയമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണെന്നാണ് കണ്ടെത്തൽ. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നായിരുന്നു ഡ്രൈവര്‍ നിസാം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് എംവിഡി പരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുവെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന് കാരണമാകും വിധമുള്ള മറ്റ് മെക്കാനിക്കല്‍ തകരാറുകള്‍ ഇല്ലെന്നും എംവിഡി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറിയിട്ടുണ്ട്. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പോലീസിന് കത്ത് നല്‍കിയിട്ടുണ്ട്.
അപകടത്തിന് കാരണം അമിതവേഗവും അശാസ്ത്രീയുമായി നിര്‍മിച്ച റോഡും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ ബസിന് നിരവധി തകരാറുകൾ ഉള്ളതായും അത് സ്കൂൾ അധികൃതരെ അറിയിച്ചതായും നിസാം ആരോപിച്ചിരുന്നു.
അതുകൊണ്ടു തന്നെ സ്കൂള്‍ ബസിന് മറ്റ് തകരാറുകള്‍ ഉണ്ടായിരുന്നോ എന്നും എംവിഡി പരിശോധിക്കും. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നോയെന്ന് പോലീസിന്റെ സൈബർ വിംഗിന്റെ സഹായത്തോടെ കണ്ടെത്തും.
അപകടസ്ഥലത്ത് ഇന്നലെ മോട്ടോർ വാഹന വകുപ്പിന്റെ വിദഗ്ദസംഘം പരിശോധന നടത്തി സ്കൂൾ ബസിന് ഏതെങ്കിലും തരത്തിലുള്ള തകരാർ ഉണ്ടോ എന്ന് പരിശോധിച്ച് ആര്‍ടിഒയ്ക്ക് വിശദമായ റിപ്പോർട്ട് നൽകും. അതിനനുസരിച്ച് ആയിരിക്കും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുക.
വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ പോലീസ് കേസ് എടുത്തു. അശ്രദ്ധമായി വാഹനമോടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ശ്രീകണ്ഠപുരം പോലീസാണ് കേസെടുത്തിരിക്കുന്നത്. നിസാമിന്റെ ഭാഗത്തുന്നുണ്ടായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചതെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.