പായത്ത് പുലിയെന്ന് സംശയം; വനംവകുപ്പ് പരിശോധന നടത്തി
1491561
Wednesday, January 1, 2025 5:30 AM IST
ഇരിട്ടി: പായത്തെ വാണിപൊയിൽ ബാലന്റെ റബർ തോട്ടത്തിൽ ടാപ്പിംഗിനിടയിൽ പുലിയെ കണ്ടതായി തൊഴിലാളി രാമചന്ദ്രൻ. ഇന്നലെ പുലർച്ചെയാണ് സംഭവം. തോട്ടത്തിൽ ടാപ്പിംഗിനെത്തിയ തൊഴിലാളി ടോർച്ചിന്റെ വെളിച്ചത്തിൽ ചാരനിറത്തിലുള്ള വന്യജീവിയെ കണ്ട് ഭയന്ന് ഓടുകയായിരുന്നു.
സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെങ്കിലും വന്യജീവിയുടെ സന്നനിധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ല.
പ്രദേശത്ത് പുലി എത്താനുള്ള സാധ്യത കുറവാണെന്നും മാൻ പോലുള്ള മറ്റെന്തെങ്കിലും ജീവി ആകാനേ സാധ്യത ഉള്ളതായാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് മറ്റൊരാൾകൂടി പുലിയെ കണ്ടതായും പറയുന്നുണ്ട്.
തൊഴിലാളി കണ്ടത് പുലിതന്നെയാണോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. കൃഷ്ണശ്രീ, രാജേഷ് , വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ, അഭിജിത്ത് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.