ഭാര്യയെ അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിന് 10 വര്‍ഷം തടവ്
1491377
Tuesday, December 31, 2024 7:28 AM IST
കാസര്‍ഗോഡ്: ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവിനെ 10 വര്‍ഷത്തെ കഠിന തടവിനും മൂന്നുലക്ഷം രൂപ പിഴയുമടക്കാനും ശിക്ഷിച്ചു. മുന്നാട് കുറത്തിക്കുണ്ട് കോളനിയിലെ സുമിതയെ (23) കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ അരുണ്‍ കുമാറിനെ (28) കോടതി ശിക്ഷിച്ചത്.
കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി അചിന്ധ്യരാജ് ഉണ്ണിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവും അനുഭവിക്കണം.
2021 ഫെബ്രുവരി 20നു പുലര്‍ച്ചെയാണ് കേസിനാസ്പദമായ അക്രമം അരങ്ങേറിയത്. കൊല്ലപ്പെട്ട സുമിതയുമായി ഭര്‍ത്താവ് അരുണ്‍കുമാര്‍ തലേദിവസം തര്‍ക്കമുണ്ടായിരുന്നു. വൈകുന്നേരം മദ്യപിച്ച് വീട്ടിലേക്ക് എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വഴക്കുണ്ടായത്. തര്‍ക്കം മൂര്‍ച്ചിച്ച് അര്‍ധരാത്രിയില്‍ വീണ്ടും പ്രകോപിതനായി വിറകു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സുമിതയുടെ
പിതാവ് ബേഡകം പോലീസില്‍ നല്കിയ പരാതിയില്‍ ആസമയത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. ദാമോദരനാണ് കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ കെ. മുരളീധരനാണ് തുടരന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീശന്, അമ്പിളി എന്നിവര്‍ ഹാജരായിരുന്നു.