വളപട്ടണം പാലം-പാപ്പിനിശേരി റോഡിൽ മൂന്ന് മുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും
1491559
Wednesday, January 1, 2025 5:30 AM IST
കണ്ണൂർ: പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശേരി, പഴയങ്ങാടി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാൻ മൂന്നിന് രാവിലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം സി. പദ്മചന്ദ്രകുറുപ്പ് അറിയിച്ചു.
കെ.വി. സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പാപ്പിനിശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഗതാഗതക്കുരുക്കഴിക്കാനുള്ള ആർടിഒയുടെ നിർദേശം ചർച്ച ചെയ്ത് അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം കണ്ണൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശേരിവഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകണം.
തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ നേരെ വൺവേ ആയി കണ്ണൂരിലേക്ക് പോകാം. തളിപ്പറമ്പിൽനിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴി പോകണം. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൻസ് റോഡ് വഴി ചുങ്കത്ത്നിന്ന് ദേശീയപാതയിലേക്ക് കയറണം.മൂന്ന് മുതൽ എട്ട് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പിലാക്കുക. തുടർന്ന് ഇത് വിലയിരുത്തി, വിജയമാണെങ്കിൽ തുടരും. ഇല്ലെങ്കിൽ വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ മാറ്റം വരുത്തും.