മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
1491773
Thursday, January 2, 2025 1:46 AM IST
മട്ടന്നൂർ: ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസത്തിനായി മട്ടന്നൂരിൽ നിർമിച്ച മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. നഗരസഭയുടെ പഴശിരാജ ബഡ്സ് സ്കൂളിന്റെ പ്രവർത്തനം ഇവിടേക്ക് മാറ്റി. പ്രവേശനോത്സവം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമാകാറായപ്പോഴാണ് പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 11നാണ് മന്ത്രി ഡോ. ആർ. ബിന്ദു കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി പഴശി കന്നാട്ടുംകാവിലാണ് സാമൂഹിക നീതി വകുപ്പിന് കീഴിൽ മൂന്നരക്കോടി രൂപ ചെലവഴിച്ച് മാതൃകാ ശിശു പുനരധിവാസ കേന്ദ്രം നിർമിച്ചത്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഷെൽട്ടർ ഹോമാണിത്. 2016ലാണ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശിയിൽ തുടങ്ങിയത്. കെ.കെ. ശൈലജ എംഎൽഎയുടെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.
നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് പുനരധിവാസകേന്ദ്രം നിർമിച്ചിരിക്കുന്നത്. മൂന്നു നിലകളിലേക്കും റാമ്പുകൾ, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ മറ്റു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് കെട്ടിട സമുച്ചയം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം നിർമിച്ചത്.ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനും പരിശീലനത്തിനുമായാണ് കേന്ദ്രം തുടങ്ങുന്നത്.
കുട്ടികൾക്ക് എല്ലാ മേഖലയിലുമുള്ള പരിചരണവും ശ്രദ്ധയും ഇവിടെ ലഭ്യമാക്കും. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, വെർച്വൽ റീഹാബിലിറ്റേഷൻ, വൊക്കേഷണൽ ട്രെയിനിംഗ്, സ്പെഷൽ എഡ്യുക്കേഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്ന് ലഭിക്കും. എൻഐപിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മാതൃകയിലുള്ള സ്ഥാപനമാക്കി പുനരധിവാസ കേന്ദ്രത്തെ വളർത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജെൻഡർ സെന്റർ ആരംഭിക്കാൻ സർക്കാർ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് ജെൻഡർ സെന്റർ ആരംഭിക്കും. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രതീഷ്, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത, മുൻ ചെയർമാൻ കെ. ഭാസ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശ്രീനാഥ്, പി. പ്രസീന, വി.കെ. സുഗതൻ, കൗൺസിലർമാരായ പി.പി. അബ്ദുൾ ജലീൽ, കെ. ശ്രീന, കെ. രജത, മാലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രജനി, പ്രിൻസിപ്പൽ സി. രജനി, കെ. അനീഷ്, കെ. പ്രബിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.