മരങ്ങൾക്ക് പേരുമാല ചാർത്തി വിദ്യാർഥികൾ
1491776
Thursday, January 2, 2025 1:46 AM IST
ഇരിക്കൂർ: ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലെ മരങ്ങൾക്ക് വിദ്യാർഥികൾ പേരുമാല ചാർത്തി. മാറ്റുക, പൊരുത്തപ്പെടുക എന്ന 2025ലെ ശാസ്ത്ര ആശയത്തിൽ ഊന്നി പുതുതലമുറയിൽ ജൈവിക ബോധമുണർത്താനും പ്രകൃതിയോടു ചേർത്തു നിർത്താനും ലക്ഷ്യമിട്ട് വിദ്യാർഥികൾ മരങ്ങളെ തിരിച്ചറിഞ്ഞ് അതിൽ പേരുമാല ചാർത്തുകയായിരുന്നു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സ്കൂൾ മുഖ്യാധ്യാപികയുമായ വി.സി.ശൈലജ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി കെ.പി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഒമ്പതേക്കറോളം വിസ്തൃതിയുള്ള ജൈവ വൈവിധ്യ കാമ്പസിലെ കുമിഴ്, ഇരുൾ, വഴന, കാട്ടുകടുക്ക, മരുത്, തേക്ക്, രക്തമന്ദാരം, ഡിവിഡിവി, ഏഴിലംപാല, മഞ്ഞക്കൊന്ന, താന്നി, കൂവളം, കാഞ്ഞിരം, കണിക്കൊന്ന,ദന്തപ്പാല തുടങ്ങിയ ഇരുപതോളം വൃക്ഷങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പേര്, ശാസ്ത്രീയ നാമം തുടങ്ങിയ പ്രത്യേകതകൾ രേഖപ്പെടുത്തിയ പേര് മാല ചാർത്തിയത്. എ.സി.റുബീന, വി.വി.സുനേഷ്, ടി.വത്സലൻ, ആർ.കെ. ഹരീന്ദ്രനാഥ്, കെ.മീനാകുമാരി, സി.കെ.നിഷാറാണി, പി.വി.മിനി, കെ.വി.ഷിബ, വി.വി.ദിവ്യ, എ.രേഷ്മ, ജി.എസ്.നിസ, കെ.എ.അബ്ദുള്ള, യു.കെ.പ്രിയേഷ്, മുഹമ്മദ് അസ്ലം, പി.അപർണ, ദിവ്യ രാഘവൻ എന്നിവർ പ്രസംഗിച്ചു.