ഒട്ടനവധി പ്രതീക്ഷകളുമായി 2025 ലേക്ക് കണ്ണൂർ
1491549
Wednesday, January 1, 2025 5:30 AM IST
പുതിയ മേയർ,
പുതിയ പ്രസിഡന്റ്
കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തുനിന്ന് ടി.ഒ. മോഹനൻ രാജിവയ്ക്കുകയും മുസ്ലിഹ് മഠത്തിൽ മേയറായി ചുമതലയേൽക്കുകയും ചെയ്തത് 2024 തുടക്കത്തിലാണ്. പദവി പങ്കിടാൻ കോൺഗ്രസ്-ലീഗ് ധാരണയുടെ ഭാഗമായാണ് ടി.ഒ. മോഹനന്റെ രാജി. ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ ടി. ഇന്ദിരയും അധികാരമേറ്റു. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യ രാജിവച്ചതോടെ സിപിഎമ്മിലെ അഡ്വ. കെ.കെ. രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതും ഈ വർഷം.
വന്യമൃഗ ഭീഷണിയിൽ
കടുവയും കാട്ടുപോത്തും പുലിയും കാട്ടുപന്നിയും ആനയുമെല്ലാം കർഷകർക്ക് ദുരിതമായി മാറിയ വർഷമാണ് 2024. കാർഷിക മേഖല നിലംപരിശാക്കിയ വന്യമൃഗ ഭീതി ഇപ്പോഴും തുടരുകയാണ്. ശാശ്വതമായ ഒരു പരിഹാരം ഇതിന് കാണുവാൻ സാധിക്കുന്നില്ല.
വന്യമൃഗശല്യവും കൃഷിനാശവും മൂലം വന്ന കടബാധ്യതയെ തുടർന്ന് പാത്തൻപാറ നൂലിട്ടാമലയിലെ ഇടപ്പാറയ്ക്കൽ ജോസ് എന്ന കർഷകൻ ആത്മഹത്യചെയ്ത സംഭവം ജില്ലയെ ഞെട്ടിപ്പിച്ച ഒന്നായിരുന്നു.
* കൊട്ടിയൂരിൽ കൃഷിയിടത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് കൂട്ടിലടച്ചെങ്കിലും തൃശൂർ മൃഗശാലയിലേക്കു കൊണ്ടുപോകുന്നതു വഴി ചത്തു. ജനവാസകേന്ദ്രമായ പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ കടുവയെയാണ് മയക്കുവെടി വച്ച് പിടികൂടിയത്.
*കേളകം കരിയംകാപ്പിനെ പത്തു ദിവസത്തോളം വിറപ്പിച്ച കടുവയെ മയക്കുവെടിവച്ച് പിടികൂടിയെങ്കിലും പിന്നീട് ചത്തു.
രാഷ്ട്രീയ വിവാദങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പും ശേഷവും ഉണ്ടായ രാഷ്ട്രീയ വിവാദങ്ങൾ കണ്ണൂരിനെ മാത്രമല്ല കേരളത്തെ ഒന്നാകെ പിടിച്ചുലച്ചതായിരുന്നു. സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ബിജെപി ബന്ധം, എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം സമ്മർദ്ദത്തിലായ സംഭവം, കോൺഗ്രസിലെ നിയമന വിവാദവും കൂടോത്രവും തുടങ്ങിയതിനൊക്കെ സാക്ഷിയായി കണ്ണൂർ മാറി.
* വൈദേഹം റിസോർട്ടുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ സ്ഥാനത്തായിരുന്ന ഇ.പി. ജയരാജൻ ബിജെപി സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖരനുമായുള്ള ബിസിനസ് ബന്ധങ്ങൾ പുറത്തുവന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചു. ഇ.പി. ജയരാജൻ ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന കെ. സുധാകരന്റെയും ശോഭാ സുരേന്ദ്രന്റെയും വെളിപ്പെടുത്തലും തെരഞ്ഞെടുപ്പിന്റെ അന്ന് മകന്റെ ഫ്ലാറ്റിൽ വച്ച് ബിജെപി നേതാവ് ജാവദേക്കറെ കണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തലും മുഖ്യമന്ത്രി ഇപിയെ പരസ്യമായി കുറ്റപ്പെടുത്തിയതും വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കിടയാക്കി. ഏറ്റവും ഒടുവിൽ ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എത്തി നിൽക്കുന്നു. സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലും സിപിഎമ്മിൽ വിവാദങ്ങൾക്ക് തിരികൊളുത്തി.
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് ജയിലിൽ!
കണ്ണൂരിനേറ്റ ആഘാതമായിരുന്നു എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ പ്രതിസ്ഥാനത്തായി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചു. ഒളിവിൽ പോയ ദിവ്യ കീഴടങ്ങുകയും ജയിലിലാകുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തെങ്കിലും ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും സിപിഎമ്മിൽ ഏറെ ചേരിതിരിവുണ്ടായി. കോൺഗ്രസും ബിജെപിയും സിപിഎമ്മിനെ ഈ വിഷയത്തിൽ കടന്നാക്രമിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും പുറത്താക്കിയെങ്കിലും ദിവ്യ വിഷയം ഇപ്പോഴും പാർട്ടിക്കുള്ളിൽ തണുത്താറിയിട്ടില്ല. ഒപ്പം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു.
കെ. സുധാകരൻ
എംപിയുടെ
ജൈത്രയാത്ര
ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരന്റെ ജൈത്രയാത്ര തുടരുന്നതിനാണ് 2024 വർഷം സാക്ഷ്യം വഹിച്ചത്. കടുത്ത പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിർ സ്ഥാനാർഥി സിപിഎമ്മിലെ എം.വി. ജയരാജനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉറപ്പാക്കാനും സുധാകരന് കഴിഞ്ഞു.
സ്വന്തം എംപിക്കെതിരേ
കോൺഗ്രസ്
മാടായി കോളജിലെ നിയമന വിവാദം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തെരുവിലേക്ക് ഏറ്റുമുട്ടുന്നതിലേക്കെത്തി. എം.കെ. രാഘവൻ എംപി സിപിഎം പ്രവർത്തകന് മാടായി കോളജിൽ നിയമനം നല്കിയെന്നാരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ എംപിക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കൂടോത്രം ചെയ്തതായി ആരോപണവും വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
വളപട്ടണം കവർച്ച
വളപട്ടണത്ത് അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന സംഭവം കേരളത്തിലെ ഏറ്റവും വലിയ കവർച്ചാക്കേസുകളിൽ ഒന്നായി മാറി. എന്നാൽ, മിന്നൽ വേഗത്തിൽ അന്വേഷണം നടത്തി അഷറഫിന്റെ അയൽവാസിയായ ലിജീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കവർച്ച ചെയ്ത ആഭരണങ്ങളും പണവും ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അപകടങ്ങൾ
കണ്ണപുരം പുറച്ചേരിയിൽ പാചകവാതക സിലിണ്ടറുമായി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ അഞ്ചുപേർ മരിച്ചത് ഏപ്രിൽ 29 ന് രാത്രി 10.15 ഓടെയാണ്. കാസർഗോഡ് സ്വദേശികളാണ് മരിച്ചത്.
രാമന്തളി കുരിശ് മുക്കിൽ നിയന്ത്രണം വിട്ട എയ്സ് പിക്അപ് വാൻ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്കു ദാരുണാന്ത്യമുണ്ടായി. രാമന്തളി കല്ലേറ്റും കടവിലെ പുതിയ വാണിയം വീട്ടിൽ ശോഭ (54), താഴെ വീട്ടിൽ യശോദ (68), ബി.പി. ശ്രീലേഖ (49) എന്നിവരാണ് മരിച്ചത്. മൂവരും കല്ലേറ്റുംകടവിൽ അടുത്തടുത്ത വീട്ടുകാരാണ്.
തളിപ്പറന്പിൽ നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചത് ദുരന്തമായി. ചെറുകുന്ന് ക്രിസ്തുക്കുന്ന് സ്വദേശി കൊയിലേരിയിൽ ജോയൽ ജോസഫ്, പാടിയിൽ നിരിച്ചൻ ജോമോൻ ഡൊമിനിക്ക് എന്നിവർ മേയ് 11 ന് പുലർച്ചെയാണ് മരിച്ചത്. ചെറുതും വലുതുമായ അപകടത്തിൽ ജില്ലയിൽ മുന്നൂറിലധികം പേരാണ് മരിച്ചത്.
കുറ്റവും ശിക്ഷയും
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പാനൂർ വള്ള്യായി കണ്ണച്ചാംകണ്ടിയിൽ വിഷ്ണു പ്രിയയെ (23) കഴുത്തറത്ത് കൊന്ന കേസിൽ മാനന്തേരിയിലെ താഴെക്കളത്തിൽ ശ്യാംജിത്തിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു.
നഷ്ടങ്ങൾ
തലശേരി സ്വദേശിയും ബംഗളുരുവിൽ സ്ഥിരതാമസക്കാരനുമായ ബിപിഎൽ സ്ഥാപകൻ ടി.പി.ജി. നമ്പ്യാർ, കഥാകൃത്ത് ടി.എൻ. പ്രകാശ്, തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ, കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി. കുഞ്ഞിക്കണ്ണൻ, ഡിവൈഎഫ്ഐയുടെ കൂത്തുപറമ്പ് ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ.വി. നാരായണൻ, തലശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, അവതാരികയും ഗായികയുമായ ബിന്ദു സജിത്ത് കുമാർ, ചിത്രകാരനും ശില്പിയുമായ മുരളി ഏറാമല, ഡിസിസി ട്രഷറർ കെ.വി. രാമചന്ദ്രൻ, സിപിഎമ്മിനെതിരെ പോരാടി വിവാദ നായികയായ ഓട്ടോഡ്രൈവർ ചിത്രലേഖ, ദേശീയ ചെസ് താരവും കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ സെക്രട്ടറിയുമായ പയ്യന്നൂർ അന്നൂരിലെ വി.വി. ബാലറാം, സർക്കസിന്റെ എഴുത്തുകാരൻ ശ്രീധരൻ ചമ്പാട്, പ്രമുഖ ഗൈനക്കോളജിസ്റ്റ് ശാന്ത മാധവൻ, ശിശുരോഗ വിദഗ്ദൻ ഡോ.ബി.വി. ഭട്ട്, സന്തോഷ് ട്രോഫി മുൻ താരം ഒ.കെ. സത്യൻ എന്നിവരുടെ വിയോഗം ജില്ലയുടെ രാഷ്ട്രീയ, സാംസ്കാരിക. സാഹിത്യ മേഖലയ്ക്കുണ്ടാക്കിയ നഷ്ടം വളരെ വലുത്.
ജീവനെടുത്ത് അമീബിക്
മസ്തിഷ്ക ജ്വരം
കണ്ണൂർ തോട്ടടയിലെ 13കാരി ദക്ഷിണയുടെ ജീവൻ അപഹരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം. തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെ മകളാണ്. കോഴിക്കോട്ട് സ്വകാര്യ